ന്യൂഡൽഹി: എം.എൽ.എയെ വെടിവച്ച് കൊന്ന കേസിലെ പ്രധാനസാക്ഷിയെ അജ്ഞാതൻ വെടിവെച്ചു കൊന്നു. രണ്ട് അംഗരക്ഷകർക്ക് പരിക്കേറ്റു. ഉമേഷ് പാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ബഹുജൻ സമാജ് പാർട്ടി എം.എൽ.എയായിരുന്ന രാജുപാൽ 2005ലാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ്. പ്രയാഗ് രാജിൽ വച്ച് ഉമേഷ് കാറിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു അക്രമം. അക്രമിയെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ ഉമേഷ് പാലിന്റെ അംഗരക്ഷകർക്കും വെടിയേറ്റു.
കാറിൽ നിന്ന് പുറത്തിറങ്ങിയ ഉമേഷിന്റെ പിൻഭാഗത്ത് നിന്നെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. കാറിന്റെ മുന്നിലും പിന്നിലും അംഗരക്ഷകരുണ്ടായിരുന്നു. വെടിയേറ്റ ഉമേഷ് രക്ഷപ്പെടാനായി ഇടവഴിയിലേക്ക് ഓടിയെങ്കിലും അക്രമി പിന്തുടർന്നെത്തി വീണ്ടും വെടിവയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് അംഗരക്ഷകർക്കും വെടിയേറ്റത്. ഈ സമയം അക്രമിയുടെ കൂടെയുണ്ടായിരുന്ന സംഘം ബോംബെറിയുകയും ജനങ്ങളെ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഉമേഷ് പാലിന്റെ വീടിന് സമീപം വെച്ചായിരുന്നു സംഭവം. കാറിൽ നിന്നും രണ്ട് അംഗരക്ഷകരോടൊപ്പം ഉമേഷ് പാൽ കാറിൽ നിന്നും പുറത്തിറങ്ങുന്നതും അക്രമി അദ്ദേഹത്തെ വെടിവെക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഉമേഷ് പാലിനെയും അംഗരക്ഷകരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഉമേഷ് പാൽ മരണപ്പെട്ടു. അംഗരക്ഷകരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
രാജു പാലിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ മുൻ ലോക്‌സഭ എം.പിയും അധോലോക നായകനുമായ അത്തിഫ് അഹമ്മദ് നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുകയാണ്.
ഏറ്റുമുട്ടി യോഗിയും അഖിലേഷും
അത്തിഫ് അഹമ്മദ് സമാജ് വാദി പാർട്ടി വളർത്തിയെടുത്ത മാഫിയയുടെ ഭാഗമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ ആരോപിച്ചു. ഞങ്ങൾ അതിന്റെ നട്ടെല്ല് തകർക്കാനാണ് ശ്രമിച്ചതെന്നും സമാജ് വാദി പാർട്ടി നേതാവായ അകിലേഷിന് നേരെ വിരൽ ചൂണ്ടി ആദിത്യനാഥ് പറഞ്ഞു. സ്പീക്കർ സർ, അയാൾ എല്ലാ പ്രഫഷണൽ ക്രിമിനലുകളുടെയും മാഫിയകളുടെയും ഗോഡ് ഫാദറാണ്. ഈ മാഫിയയെ ഞങ്ങൾ നിലംപരിശാക്കും. യോഗി ആദിത്യനാഥ് സഭയിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ംസ്ഥാനത്തെ ഇരട്ട എൻജിനുകൾ എവിടെയാണെന്നും സർക്കാർ എന്താണ് ചെയ്യുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. "രാമ രാജ്യത്ത്" പൊലീസ് സമ്പൂർണ്ണ പരാജയമാണ്. പട്ടാപ്പകൽ ഒരു സാക്ഷി കൊല്ലപ്പെടുന്നു. അഖിലേഷ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |