No Notification
വാഷിംഗ്ടൺ:. ഇന്നലെ അർദ്ധരാത്രിയോടെ കോടതിയിൽ ഹാജരായി കീഴടങ്ങി അറസ്റ്റ് വരിച്ച അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ന്യൂയോർക്ക് മാൻഹാട്ടൻ കോടതി കൊടിയത് ഉൾപ്പടെ 34 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കീഴടങ്ങി കുറ്റപത്രം വായിച്ച് കേട്ട ട്രംപ് അവയെല്ലാം നിഷേധിച്ചു. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയുടെ പ്രസിഡന്റിനോ മുൻ പ്രസിഡന്റിനോ നേരെ ക്രിമിനൽ കുറ്റം ചുമത്തുന്നതും അറസ്റ്റ് ചെയ്യുന്നതും.
2016ൽ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അശ്ളീല ചിത്ര താരം സ്റ്റോമി ഡാനിയൽസിന് 1.30 ലക്ഷം ഡോളർ (1.07 കോടിയോളം രൂപ) നൽകിയെന്ന കേസിൽ അദ്ദേഹം കുറ്റക്കാരനെന്ന് മാൻഹാട്ടൻ കോടതി വിധിച്ചിരുന്നു.
2006ൽ നെവാദയിലെ ലേക് താഹോ ഗോൾഫ് കോഴ്സിൽ ഗോൾഫ് ടൂർണ്ണമെന്റിനിടെയാണ് ട്രംപ് - സ്റ്റോമി ഡാനിയേൽസ് സമാഗമം.
ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തിന് സാദ്ധ്യതയുണ്ടായിരുന്നതിനാൽ കോടതി പരിസരത്തും ന്യൂയോർക്കിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. നടപടികളുടെ ഭാഗമായി ട്രംപിന്റെ വിരലടയാളവും മുഖചിത്രവും എടുത്തു. വിലങ്ങുവയ്ക്കില്ലെന്ന് കോടതി ഉറപ്പു നൽകിയിരുന്നു.
അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ മത്സരിക്കാനുള്ള പ്രചാരണങ്ങൾ തുടങ്ങിയതിനിടെയാണ് മാൻഹാട്ടൻ കോടതി വിധി.
ട്രംപുമായി ലൈംഗികബന്ധം പുലർത്തി
സ്റ്റോമി എഴുതിയ 'ഫുൾ ഡിസ്ക്ലോഷർ" എന്ന പുസ്തകത്തിൽ വിശദാംശങ്ങളുണ്ട്. ട്രംപുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന് ഇതിൽ പറയുന്നു. അന്ന് സ്റ്റോമിക്ക് 27 വയസ്. ട്രംപിന് 60 വയസും. തന്റെ ജീവിതത്തിലെ ഒട്ടും തൃപ്തികരമല്ലാത്ത അറുബോറൻ ലൈംഗിക ബന്ധം എന്നാണ് സ്റ്റോമി വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ ശരീര വർണ്ണനയും ബുക്കിലുണ്ട്. അക്കാലത്ത് ട്രംപും സ്റ്റോമിയും ഒന്നിച്ച് പോൺ സ്റ്റുഡിയോയിൽ നിൽക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്.
കുറ്റാരോപണം
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു അമേരിക്കൻ പ്രസിഡന്റിനെതിരേ ക്രിമിനൽ കുറ്റം ചുമത്തുകയും അറസ്റ്റിലേക്കു കടക്കുകയും ചെയ്തിരിക്കുന്നത്. മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി എൽവിൻ ബ്രാഗാണ് കേസന്വേഷിച്ചത്. ട്രംപിന്റെ പേരിൽ മുപ്പത്തിനാലോളം കേസുകളാണ് ചുമത്തിയത്. ഇവയിൽ കൊടുംകുറ്റവുമുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കേൽ കൊഹേൻ വഴിയാണ് സ്റ്റോമി ഡാനിയൽസിനു പണം കൈമാറിയത്. വിവാഹേതര ബന്ധത്തെ കുറിച്ചു മൗനം പാലിക്കുന്നതിനായി മൈക്കൽ കൊഹേൻ പണം സ്റ്റോമി ഡാനിയൽസിനു കൈമാറുകയും പിന്നീട് ട്രംപ് തന്റെ ഫണ്ടിൽ നിന്ന് അഭിഭാഷകനു കൊടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു. ഔദ്യോഗിക രേഖകളിൽ ഇത് ബിസിനസിനായി ചെലവഴിച്ചു എന്നാണ് ട്രംപ് കാണിച്ചിരിക്കുന്നത്. അഭിഭാഷകനു നൽകിയ ഫീസാണെന്നും ട്രംപ് വാദിക്കുന്നു. എന്നാൽ, ഇതും ഔദ്യോഗികമായി കുറ്റമായി കണക്കാക്കാമെന്നും തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നു വകമാറ്റിയതാണെന്നുമാണ് വാദിഭാഗം നിലപാട്. എന്നാൽ, ഇവയെല്ലാം ട്രംപ് നിഷേധിച്ചിട്ടുണ്ട്.
' അവിഹിതം" വിറ്റ് കാശാക്കാൻ ശ്രമം, കള്ളപ്പേരുകളിൽ രംഗത്തിറക്കി
2016ലെ തിരഞ്ഞെടുപ്പിൽ ട്രംപ് പ്രചാരണം നടത്തുമ്പോഴാണ് സ്റ്റോമി ട്രംപുമായുള്ള അവിഹിത ബന്ധം വിറ്റ് കാശാക്കാൻ ശ്രമിച്ചത്. ട്രംപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ എൻക്വയറർ എന്ന ടാബ്ലോയിഡ് പത്രമാണ് സ്റ്റോമിയുടെ നീക്കം മണത്തറിഞ്ഞത്. ട്രംപിനെതിരായ വാർത്തകൾ പതുക്കിയിരുന്ന പത്രമുടമ സ്റ്റോമിയെ ട്രംപിന്റെ അഭിഭാഷകൻ മൈക്കേൽ കോഹനുമായി ബന്ധപ്പെടുത്തി. പെഗ്ഗി പെറ്റേഴ്സൺ ( സ്റ്റോമി ഡാനിയേൽസ് ), ഡേവിഡ് ഡെന്നിസൺ ( ഡൊണാൾഡ് ട്രംപ് ) എന്നീ കള്ളപ്പേരുകളിൽ കോഹൻ എഴുതിയുണ്ടാക്കിയ കരാർ പ്രകാരമാണ് സ്റ്റോമിക്ക് പണം നൽകിയതെന്ന് കോടതി കണ്ടെത്തി. ട്രംപിന്റെ അവിഹിത ബന്ധം വെളിപ്പെടുത്തില്ലെന്നായിരുന്നു കരാർ. കോഹനെ പിന്നീട് പല കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചു. അതോടെ ട്രംപിനെതിരെ കോഹൻ തിരിഞ്ഞു. നിയമപരമായും ശാരീരികമായും തന്നെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കിയെന്ന് സ്റ്റോമി അഭിമുഖങ്ങളിൽ വെളിപ്പെടുത്തി.
രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന കരാർ ( നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് ) പ്രകാരം പണം നൽകുന്നത് കുറ്റമല്ല. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് പണം നൽകിയത് ചട്ടലംഘനമാണ്.
കുറ്റം ചുമത്തിയാലും മത്സരിക്കാം
ട്രംപിന് മേൽ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തിലും അദ്ദേഹത്തിന് 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകും. അമേരിക്കൻ ഭരണഘടന പ്രകാരം മൂന്ന് കാര്യങ്ങളാണ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടത് മൂന്ന് യോഗ്യതകളാണ്. 1. അമേരിക്കയിൽ ജനിച്ച സ്വാഭാവിക പൗരനായിരിക്കണം. 2. കുറഞ്ഞത് 35 വയസ്. 3. കുറഞ്ഞത് 14 വർഷമായി യു.എസിൽ താമസം.
അതിനാൽ, മത്സരിക്കാൻ കേസ് ട്രംപിന് തടസ്സമാകില്ല. പക്ഷേ, കുറ്റവാളിയായി മുദ്രകുത്തപ്പെട്ട അവസ്ഥയിൽ ജനങ്ങളുടെയടുത്ത് വോട്ട് തേടി ഒരു സ്ഥാനാർത്ഥി ചെല്ലുന്നതിലെ അസാധാരണത്വവും അസ്വാഭാവികതയുമാണ് പ്രശ്നം. മാൻഹാട്ടൻ കോടതി ട്രംപിനെ ശിക്ഷിച്ചാൽ ഒരു പക്ഷേ, ശിക്ഷാ കാലാവധി കഴിയുന്നത് വരെയെങ്കിലും തന്റെ സംസ്ഥാനമായ ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ ട്രംപ് വിലക്ക് നേരിട്ടേക്കാം. പ്രസിഡന്റായിരിക്കെ രണ്ട് തവണ ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ട്രംപ് രണ്ട് തവണയും സെനറ്റിൽ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.
'' അവരെന്നെ അറസ്റ്റ് ചെയ്യാൻ പോവുകയാണ്. ഇത് സംഭവിച്ചത് അമേരിക്കയിലാണ്"".പ്രകോപിപ്പിക്കുന്ന പോസ്റ്റുകളുമായി ട്രംപ്
കേസിനെ ട്രംപ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്കെതിരെയുള്ള ആയുധമാക്കും. 2020 തിരഞ്ഞെടുപ്പിൽ ജോ ബൈഡന് മുന്നിൽ പരാജയപ്പെട്ടതിന് പിന്നാലെ 2021 ജനുവരിയിൽ കാപിറ്റൽ ആക്രമണത്തിന് തിരികൊളുത്തിയ പോലെ ജനവികാരം ആളിക്കത്തിക്കാൻ ട്രംപ് ശ്രമിക്കുന്നുണ്ട്.
സ്റ്റോമി ഡാനിയൽസിന് പണം നൽകിയ കേസിൽ കുറ്റംചുമത്തിയതോടെമെന്ന് ഉറപ്പായതോടെ മാർച്ച് 18ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിരുന്നു. മാർച്ച് 21ന് താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും രാജ്യത്തെ തിരിച്ചുപിടിക്കാൻ ഏവരും പ്രതിഷേധിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്നലെ താമസസ്ഥലമായ ട്രംപ് ഹൗസിൽ നിന്ന് മാൻഹാട്ടൻ കോടതിയിലേക്കുള്ള 6 മിനിട്ട് യാത്രക്കിടെ അദ്ദേഹം സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ ചെയ്തു. ''ലോവർ മാൻഹാട്ടനിലേക്ക്, കോടതിയിലേക്ക് എത്തുകയാണ്. എല്ലാം സർറിയലിസ്റ്റിക് ആയി തോന്നുന്നു. വൗ,,, അവരെന്നെ അറസ്റ്റ് ചെയ്യാൻ പോവുകയാണ്. വിശ്വസിക്കാൻ കഴിയുന്നില്ല, ഇത് സംഭവിക്കുന്നത് അമേരിക്കയിലാണെന്ന്. '' എന്നായിരുന്നു അതിലൊരു പ്രകോപനപരമായ പോസ്റ്റ്. കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു ഇൗ പോസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |