
ടെഹ്റാൻ: ഇറാൻ പ്രക്ഷോഭത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 2,000ത്തോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ അന്തർദ്ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ചയായി നീളുന്ന രാജ്യവ്യാപക പ്രക്ഷേഭത്തിനിടെ ആദ്യമായാണ് മരണസംഖ്യ വ്യക്തമാക്കിയുള്ള പ്രതികരണമുണ്ടാകുന്നത്. സാധാരണക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണങ്ങൾക്ക് കാരണം "ഭീകരരാണെന്നും" പറഞ്ഞു. ഉദ്യോഗസ്ഥനാരാണെന്നും കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടില്ല.
അതേസമയം ഇറാനിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ കുറഞ്ഞത് 12000 പേർ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ഇറാൻ ഇന്റർനാഷണൽ എന്ന വെബ്സൈറ്റ് രംഗത്തെത്തി.ഇതുവരെ പുറത്തുവന്നതിനേക്കാൾ ഏറെ കൂടുതലാണ് കണക്ക്. ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ, പ്രസിഡന്റിന്റെ ഓഫീസ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് അംഗങ്ങൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, ദൃക്‌സാക്ഷികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരിക്കുന്നതെന്ന് അവകാശപ്പെടുന്നു.30 വയസ്സിന് താഴെയുള്ളവരാണ് കൊല്ലപ്പെട്ടവരിൽ മിക്കവരുമെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം ഇറാനിലെ അധികൃതർ ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.
വധശിക്ഷ ഇന്ന്; വിമർശനം
സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഫാൻ സുൽത്താനിയെ (26) വിധശിക്ഷക്ക് വിധിച്ചതായി റിപ്പോർട്ട്. ടെഹ്‌റാൻ കരാജ് ഫാർദിസ് സ്വദേശിയാണ്. കഴിഞ്ഞ എട്ടിനാണ് അറസ്റ്റിലായത്.ഇന്ന് ശിക്ഷ നടപ്പാക്കുമെന്നും ഇത് അന്തിമമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു.ഇർഫാന് നിയമസഹായം നിഷേധിക്കപ്പെട്ടതായും ശരിയായ രീതിയിൽ സ്വയം വാദിക്കാൻ കഴിഞ്ഞില്ലെന്നും കുടുംബം പറയുന്നു. വാർത്ത വന്നതോടെ കടുത്ത വിമർശനവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നു. വധശിക്ഷ ഒഴിവാക്കാൻ അന്താരാഷ്ട്ര ഇടപെടൽ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |