
പാകിസ്ഥാൻ തകരുമെന്ന് ലഡാക്ക് ലെഫ്. ഗവർണർ
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഷാക്‌സ്‌ഗാം താഴ്‌വരയ്ക്ക് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിച്ച് ചൈന. പ്രദേശത്ത് അടിസ്ഥാന സൗകര്യ പദ്ധതികൾ അനിവാര്യമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം. അവകാശവാദം ഇന്ത്യ അംഗീകരിക്കുന്നില്ലെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയും വ്യക്തമാക്കി. ഈ പ്രദേശം ഇന്ത്യയുടെ ഭാഗമാണെന്നും എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ ഉടൻ നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ഷാക്‌സ്ഗാം താഴ്‌വരയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കഴിഞ്ഞദിവസം ഇന്ത്യ വിമർശിച്ചിരുന്നു. ഷാക്സ്ഗാം ഇന്ത്യയുടെ പ്രദേശമാണെന്നും 1963ൽ ഒപ്പുവച്ച ചൈന-പാക് 'അതിർത്തി കരാർ' അംഗീകരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരാർ നിയമവിരുദ്ധവും അസാധുവുമാണെന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യമാണെന്ന് പലതവണ പാകിസ്ഥാൻ, ചൈനീസ് അധികാരികളെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയ്‌സ്വാളിന്റെ പ്രസ്‌താവനയോടുള്ള പ്രതികരണമെന്നോണമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഷാക്‌സ്ഗാം താഴ്‌വരയുമായി ബന്ധപ്പെട്ട അവകാശവാദം ഉന്നയിച്ചത്. ഷാക്‌സ്‌ഗാം പ്രദേശം ചൈനയുടേതാണെന്നും പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ ചൈനയ്ക്ക് പൂർണ്ണ അധികാരമുണ്ടെന്നും അവർ വ്യക്തമാക്കി.
1960ൽ ഒപ്പിട്ട കരാർ പ്രകാരം അടിസ്ഥാന സൗകര്യ നിർമ്മാണം നടത്താൻ ചൈനയ്ക്കും പാകിസ്ഥാനും അവകാശമുണ്ടെന്നും ചൈനീസ് വക്താവ് വിശദീകരിച്ചു. 1963ൽ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന ഷാക്‌സ്ഗാം താഴ്‌വരയിലെ 5,180 ചതുരശ്ര കിലോമീറ്റർ ചൈനയ്ക്ക് നിയമവിരുദ്ധമായി വിട്ടുകൊടുക്കുകയായിരുന്നു.
അതേസമയം, പാക് അധിനിവേശ കാശ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും പാകിസ്ഥാൻ ഉടൻ തകരുമെന്നും കവിന്ദർ ഗുപ്ത പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |