തൃണമൂലിനും പദവി നഷ്ടം
ന്യൂഡൽഹി: സി.പി.ഐ, എൻ.സി.പി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ദേശീയ പാർട്ടി
പദവി നഷ്‌ടമായി. ജനപ്രാതിനിധ്യ നിയമത്തിലെ ആറ് ബി (3) ചട്ടപ്രകാരം കുറഞ്ഞത് നാലു സംസ്ഥാനങ്ങളിൽ നിന്ന് ആകെ പോൾ ചെയ്‌ത വോട്ടിൽ ആറു ശതമാനം ലഭിക്കാത്ത സാഹചര്യത്തിലാണിത്.
സി.പി.ഐയുടെ ലോക്‌സഭയിലെ രണ്ട് എം.പിമാരും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. നിയമസഭയിൽ കേരളം കഴിഞ്ഞാൽ തമിഴ്നാട്ടിലും ബിഹാറിലും മാത്രമാണ് സാന്നിധ്യം.
അതേസമയം പഞ്ചാഞ്ചിലും ഡൽഹിയിലും ഭരണകക്ഷിയാവുകയും ഗോവയിലും ഗുജറാത്തിലും നിയമസഭാ
സീറ്റുകൾ നേടുകയും ചെയ്ത ആംആദ്‌മി പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ പാർട്ടി പദവി നൽകി. ആംആദ്‌മി ഗുജറാത്തിൽ 12 ശതമാനം വോട്ടോടെ അഞ്ച് സീറ്റും, ഗോവയിൽ ആറു ശതമാനത്തിൽ കൂടുതൽ വോട്ടോടെ രണ്ടു സീറ്റുമാണ് നേടിയാണ് .
2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ഇടക്കാലത്ത് നടന്ന 21 നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രകടനം മെച്ചപ്പെടുത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് സി.പി.ഐ, എൻ.സി.പി, തൃണമൂൽ പാർട്ടികളെ പ്രാദേശിക കക്ഷികളായി തരം താഴ്‌ത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന വാദത്തിനൊടുവിലാണ് തീരുമാനം.
തൃണമൂലിന് ലോക്‌സഭയിൽ 23 എം.പിമാരുണ്ടെങ്കിലും അവരെല്ലാം പശ്‌ചിമ ബംഗാളിൽ നിന്നാണ്. നിയമസഭയിൽ ബംഗാളിന് പുറമെ മേഘാലയയിൽ മാത്രമാണ് സാന്നിദ്ധ്യം. മഹാരാഷ്‌ട്രയിലും ലക്ഷദ്വീപിലുമടക്കം നാല് എം .പിമാരാണ് എൻ.സി.പിക്കുള്ളത്. നിയമസഭകളിൽ മഹാരാഷ്‌ട്രയ്‌ക്കും കേരളത്തിനും പുറമെ ജാർഖണ്ഡിൽ മാത്രമാണ് സീറ്റുള്ളത്.
സംസ്ഥാന പാർട്ടി പദവി
പോയതും കിട്ടിയതും
ഉത്തർ പ്രദേശിൽ ആർ.എൽ.ഡി, ആന്ധ്രാപ്രദേശിൽ ബി.ആർ.എസ്, മണിപ്പൂരിൽ പി.ഡി.എ, പുതുച്ചേരിയിൽ പി.എം.കെ, പശ്ചിമ ബംഗാളിൽ ആർ.എസ്.പി, മിസോറാമിൽ എം.പി.സി എന്നീ പാർട്ടികൾക്ക് നൽകിയ സംസ്ഥാന പാർട്ടി പദവിയും റദ്ദാക്കി. അവർ രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത പാർട്ടികളാവും.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ തിപ്ര മോത, നാഗാലാൻഡിൽ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), മേഘാലയയിൽ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി, പാർട്ടികൾക്ക് അംഗീകൃത സംസ്ഥാന രാഷ്ട്രീയ പാർട്ടി പദവി ലഭിച്ചു.
ദേശീയ പദവി
6 പാർട്ടികൾക്ക്
ദേശീയ പദവിയുള്ള രാഷ്‌ട്രീയ പാർട്ടികൾ: ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, നാഷണൽ പീപ്പിൾസ് പാർട്ടി (വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ), ആം ആദ്‌മി പാർട്ടി
ദേശീയ പദവി കിട്ടാൻ
ദേശീയ പാർട്ടിയായി അംഗീകരിക്കണമെങ്കിൽ നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായിരിക്കണം
അല്ലെങ്കിൽ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിലെ മൊത്തം ലോക്‌സഭാ സീറ്റുകളിൽ രണ്ട് ശതമാനം സീറ്റുകളെങ്കിലും നേടണം
ഒരു സംസ്ഥാനത്ത് നിന്ന് നാല് എം.പിമാർക്കു പുറമേ ലോക് സഭാ തിരഞ്ഞെടുപ്പിലോ നിയമസഭ തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാലും മതി
ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട പാർട്ടി അംഗീകാരമില്ലാത്ത സംസ്ഥാനങ്ങളിൽ മത്സരിച്ചാൽ സ്ഥാനാർത്ഥികൾക്ക് പൊതുചിഹ്നം ലഭിക്കില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |