അമൃത്‌സർ: പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിലെ വെടിവയ്‌പിൽ അക്രമികളെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്‌പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാഴാഴ്ച പുലർച്ചെ സൈനിക ക്യാമ്പിന് സമീപം സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സൈനികനും വെടിയേറ്റ് മരിച്ചിരുന്നു.
ഇതോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്. സൈനിക കേന്ദ്രത്തിലെ വെടിവയ്പിന് പിന്നിൽ തീവ്രവാദി സാന്നിദ്ധ്യമോ പുറമെ നിന്നുള്ളവരോ ഇല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഏങ്കിലും ഖാലിസ്ഥാൻ തീവ്രവാദികളുടെ ഉൾപ്പെടെയുള്ളവരിലേക്കും സംശയം നീളുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നാണ് ഭട്ടിൻഡയിലേത്. അതീവ സുരക്ഷ മേഖലയിലുണ്ടായ വെടിവയ്പ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ക്യാമ്പിനകത്തുള്ളവരാണ് പിന്നിലെന്ന് പറയുമ്പോഴും സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും അക്രമികളെ പിടികൂടാനാകാത്തത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. വെടിവയ്പുകളുടെ പശ്ചാത്തലത്തിൽ ക്യാമ്പും പരിസരവും കനത്ത ജാഗ്രതയിലാണ്. പ്രദേശത്തെ സ്‌കൂളുകൾക്കും ഇന്നലെ അവധി നൽകിയിരുന്നു.
ബുധനാഴ്ചയുണ്ടായ ആക്രമണം കണ്ട സൈനികന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. വെടിവയ്‌പിന് തൊട്ടുപിന്നാലെ വെള്ള കുർത്തയും പൈജാമയും ധരിച്ച രണ്ട് പേർ ഓടി രക്ഷപ്പെടുന്നത് കണ്ടതായി ഇയാൾ പറഞ്ഞത്. സി.സി.ടി.വി ദൃശ്യവും മൊഴി സാധൂകരിക്കുന്നുണ്ട്. ഇതിൽ ഒരാളുടെ കൈയിൽ ഇൻസാസ് റൈഫിളും മറ്റേയാളുടെ കൈയിൽ കോടാലിയുമാണ് ഉണ്ടായിരുന്നത്. ആക്രമണത്തിന്റെ രീതി ഭീകരാക്രമണത്തിന് സമാനമാണ്.
അജ്ഞാതരായ പ്രതികൾക്കെതിരെ പ്രസക്‌തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 80 മീഡിയം റെജിമെന്റിലെ ജവാൻമാരായ സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. ലഘു രാജ് ശങ്കർ എന്നയാളാണ് ഡ്യൂട്ടിയിലിരിക്കെ വ്യാഴാഴ്ച റൈഫിളിൽ നിന്ന് വെടിയേറ്റ് മരണത്തിന് കീഴടങ്ങിയത്. ഈ സംഭവത്തിന് ആദ്യത്തെ വെടിവയ്പുമായി ബന്ധമില്ലെന്നും ഇയാൾ സ്വയം വെടിവച്ചതാണെന്നുമാണ് പൊലീസ് പറയുന്നത്. ലഘു രാജ് ശങ്കർ ചൊവ്വാഴ്ചയാണ് അവധി കഴിഞ്ഞ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |