ദുബായ്: പ്രവാസികൾക്ക് ആശ്വാസമായി യു എ ഇയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തും. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കും മുംബയിലേക്കും ഈ മാസം 15 മുതൽ ഇൻഡിഗോയാണ് സർവീസുകൾ ആരംഭിക്കുന്നത്. പുതിയ സർവീസ് ഫുജൈറയിലേക്കും കണ്ണൂരിലേക്കും മുംബയിലേക്കും കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാൻ സഹായിക്കും.
കണ്ണൂരിൽ നിന്ന് 8.55ന് ആണ് ആദ്യം വിമാനം പുറപ്പെടുക. ഇത് രാത്രി 11.25ന് ഫുജൈറയിൽ എത്തും. തിരിച്ച് പുലർച്ചെ 3.40ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് കണ്ണൂരിൽ എത്തും. ഫുജൈറയിൽ നിന്ന് അർദ്ധരാത്രി 12.25ന് പുറപ്പെടും. ഇത് 4.50ന് മുംബയിൽ ഇറങ്ങും. 1.10ന് പുറപ്പെട്ട് ഫുജൈറയിൽ പുലർച്ചെ 2.40ന് എത്തും. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ഡ്യൂട്ടി ഫ്രീ ഉൽപ്പനങ്ങളിൽ യാത്രക്കാർക്ക് നിരക്കിളവും ഉണ്ടാകും.
ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തെയും അന്താരാഷ്ട്ര മേഖലയിൽ 41ാമത്തെയും സെക്ടറാണ് ഫുജൈറ. ഇന്ത്യയിലെ 90 വ്യവസായ നഗരങ്ങൾ ഉൾപ്പെടെ 132 ആഭ്യന്തര, അന്തർദേശീയ മേഖലകളിലാണ് എയർലൈൻ സർവീസ് നടത്തുന്നത്. പൊതുവെ ഇന്ത്യയിലെ ബഡ്ജറ്റ് എയർലൈൻ പട്ടികയിൽ ഉൾപ്പെട്ട വിമാനക്കമ്പനിയാണ് ഇൻഡിഗോ. ഇന്ത്യക്കാർ ഏറ്റവും കൂടുതലുള്ള യുഎഇയിൽ പുതിയ സർവീസ് പ്രഖ്യാപിച്ചതോടെ പ്രവാസികൾക്ക് വലിയ നേട്ടമാണ്. മലബാർ മേഖലയിലുള്ള മലയാളികൾക്ക് കണ്ണൂരിലേക്കുള്ള സർവീസ് അനുഗ്രഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |