ന്യൂഡൽഹി : വെടിനിറുത്തൽ ലംഘനം നടത്തിയ പാകിസ്ഥാൻ വീണ്ടും പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തിയിൽ ഇന്നു രാത്രിയും ജാഗ്രത തുടരാൻ നിർദ്ദേശം. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടി. രാത്രി ലൈറ്റുകൾ അണച്ചും വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അമൃത്‌സറിലും ഫിറോസ്‌പുരിലും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചാബിലെ അതിർത്തി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. രാത്രി 8 മുതൽ ജനങ്ങൾ ലൈറ്റുകൾ അണച്ച് സഹകരിക്കണമെന്ന് ഫിറോസ്‌പുർസ അമൃത്സർ ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.
പാക് പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം സർക്കാർ നൽകിയിട്ടുണ്ട്. അതിനിടെ ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം വച്ചത് തീവ്രവാദികളെ മാത്രമെന്ന് സൈന്യം വ്യക്തമാക്കി. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ഭീകരർക്ക് പരിശീലനം നൽകിയിരുന്ന ഏറ്റവും വലിയ കേന്ദ്രമായ മുരിദ്‌കെ ആയിരുന്നു പ്രധാന ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഒമ്പത് കേന്ദ്രങ്ങൾ തകർത്തു. പാകിസ്ഥാൻ സൈന്യവുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലും ഉദ്ദേശിച്ചിരുന്നില്ലെന്നും ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത്. നിരപരാധികളായ സാധാരണക്കാരെ ഇല്ലാതാക്കിയതിനുള്ള തിരിച്ചടിയാണ് നൽകിയത്. നൂറിലധികം ഭീകരരെ വധിക്കാൻ സാധിച്ചു. പുൽവാമ ആക്രമണം, കാണ്ഡഹാർ വിമാന റാഞ്ചൽ എന്നിവയിൽ പങ്കെടുത്ത ഭീകരരെ വധിക്കാൻ കഴിഞ്ഞുവെന്നും സൈന്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |