ചെന്നൈ: സ്വകാര്യ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ജി-സ്ക്വയറുമായി ഭരണകക്ഷിയായ ഡി.എം.കെയുടെ നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും ഡി.എം.കെ നേതാക്കളുമായും ബന്ധമുള്ളവരുടെ വസതികളിൽ ഇൻകം ടാക്സ് റെയ്ഡ് നടത്തി. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും ഡി.എം.കെ എം.എൽ.എ എം.കെ. മോഹന്റെ വീട്ടിലും ഓഡിറ്റർ ഷൺമുഖരാജിന് പുറമേ ബന്ധു പ്രവീണിന്റെ വീട്ടിലും ഉൾപ്പെടെ 50 ഇടങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ ഇൻകം ടാക്സ് പരിശോധന നടത്തിയത്. ജി-സ്‌ക്വയർ റിലേഷൻസിന്റെ ഓഫീസുകളിലും ഇൻകം ടാക്സ് പരിശോധന നടത്തി.
ഡി.എം.കെ നേതാക്കളുമായുള്ള ബന്ധത്തെ തുടർന്ന് ജി സ്ക്വയറിന്റെ ആസ്തികളിൽ 2019 മുതൽ ക്രമാതീതമായ വർദ്ധനയുണ്ടായെന്നും സ്റ്റാലിന് പുറമേ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നുമുള്ള ഗുരുതര ആരോപണമുന്നന്നയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തുവന്നതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ വ്യാപക പരിശോധന.
ജി-സ്ക്വയറിന്റെ ചെന്നൈ, കോയമ്പത്തൂർ കേന്ദ്രങ്ങളിൽ കൂടാതെ കമ്പനിയുമായി ബന്ധപ്പെട്ട കർണ്ണാടകയിലെയും തെലങ്കാനയിലെയും കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധനയുണ്ടായി.
അഴിമതി ആരോപണം സ്ഥീരീകരിക്കുന്നതാണ് തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ ടെലിഫോൺ സംഭാഷണമെന്ന കുറിപ്പോടെ അണ്ണാമലൈ കഴിഞ്ഞ ദിവസം ഒാഡിയോ പുറത്തുവിട്ടിരുന്നു. മാദ്ധ്യമപ്രവർത്തകനുമായി നടത്തിയ സംഭാഷണം എന്ന പേരിലാണ് ഈ ഓഡിയോ പുറത്തുവന്നിരിക്കുന്നത്. എന്നാൽ, ഇത് നിഷേധിച്ച് മന്ത്രി രംഗത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |