സഭയിൽ വോട്ടും അലവൻസും ഇല്ല
ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്‌തതോടെ, സി.പി.എം നേതാവ് എ.രാജയ്‌ക്ക് ഉപാധികളോടെ എം.എൽ.എ സ്ഥാനത്ത് തുടരാൻ വഴിയൊരുങ്ങി.
നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. എന്നാൽ, സഭയിൽ വോട്ട് ചെയ്യാനാവില്ല. സഭാ അലവൻസിനും ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാവില്ലെന്നും ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
രാജ പരിവർത്തിത ക്രിസ്‌ത്യാനിയാണെന്നും പട്ടികജാതി സംവരണം അവകാശപ്പെടാനാവില്ലെന്നും വ്യക്തമാക്കിയാണ് പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ രാജ സമർപ്പിച്ച ഹർജിയിൽ വിശദമായ വാദം കേൾക്കാനും ഹൈക്കോടതിയിലെ രേഖകൾ വിളിച്ചുവരുത്താനും സുപ്രീംകോടതി തീരുമാനിച്ചു. ജൂലായ് 12ന് കേസ് വീണ്ടും പരിഗണിക്കും.
എ. രാജയുടെ വാദം
വിശദമായ വാദം കേൾക്കണം. അടിയന്തര സ്റ്റേ വേണം. ഇല്ലെങ്കിൽ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് രാജയുടെ അഭിഭാഷകരായ കെ.വി. വിശ്വനാഥനും ജി. പ്രകാശും വാദിച്ചു.
മുൻപ് ഇത്തരം തിരഞ്ഞെടുപ്പ് കേസുകളിൽ സുപ്രീംകോടതി സ്റ്റേ നൽകിയിട്ടുണ്ട്
എ. രാജ ഹിന്ദുമതം പിന്തുടരുന്ന വ്യക്തി. ക്രിസ്‌തുമത വിശ്വാസിയാണെന്ന വാദം തെറ്ര്.
ഹിന്ദു പറയ ജാതിക്കാരനല്ലെന്ന ഹൈക്കോടതി കണ്ടെത്തൽ നിലനിൽക്കില്ല
ഹിന്ദു യുവതിയെ ഹിന്ദു മതാചാരപ്രകാരം വിവാഹം ചെയ്‌തു.
വിവാഹത്തിന് ഓവർകോട്ടിട്ട ഫോട്ടോ തെളിവായെടുത്താണ് താൻ ക്രിസ്‌ത്യാനിയാണെന്ന നിഗമനം.
ഡി. കുമാറിന്റെ വാദം
രാജയുടെ വിവാഹം ക്രിസ്‌തുമത ആചാരപ്രകാരം
തെളിവുകൾ തിരുത്താൻ ശ്രമിച്ചു
രാജയുടെ കുടുംബത്തിന്റെ പട്ടയത്തിൽ പരിവർത്തിത ക്രൈസ്‌തവരാണെന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യാജരേഖയുണ്ടാക്കാൻ ശ്രമിച്ചു - എതിർസ്ഥാനാർത്ഥി യു.ഡി.എഫിലെ ഡി. കുമാറിന്റെ അഭിഭാഷകരായ അഡ്വ. നരേന്ദർ ഹൂഡ, അൽജോ ജോസഫ് എന്നിവർ വാദിച്ചു
''വിധി ആശ്വാസകരം. കേസിൽ ജയിക്കും. എന്റെ തിരഞ്ഞെടുപ്പിനെക്കാൾ പ്രധാനം ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടതാണ്. കോടതി അത് മനസിലാക്കി.''
--എ. രാജ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |