ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതി രൂക്ഷ വിമർശനത്തോടെ തള്ളി കർണാടക ഹൈക്കോടതി. നിയമത്തിന്റെ ദുരുപയോഗമായെ പരാതിയെ വിലയിരുത്തിയ കോടതി പരാതിക്ക് നിയമസാധുതയില്ലെന്നും നിരീക്ഷിച്ചു. ബംഗളൂരു സ്വദേശിയായ യുവാവ് ആറ് വർഷം ബന്ധം പുലർത്തിയെന്നും ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചെന്നും കാണിച്ച് രണ്ട് ക്രിമിനൽ കേസുകളാണ് യുവതി നൽകിയിരുന്നത്. ഇത് രണ്ടും കോടതി തള്ളി.
സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ആറ് വർഷമായി പരസ്പര സഹകരണത്തോടെ ലൈംഗിക ബന്ധം പുലർത്തുകയും ചെയ്യുന്നു. 2019 ഡിസംബർ മുതൽ ഇവരുടെ അടുപ്പം കുറഞ്ഞു. അതുകൊണ്ട് അടുപ്പം ഇല്ലാതായതുകൊണ്ടു മാത്രം ഇത് മാനഭംഗത്തിന്റെ പരിധിയിൽ വരില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്രിസ് എം. നാഗപ്രസന്ന പരാതികൾ തള്ളിയത്. ഒന്നും രണ്ടുമല്ല, ആറ് വർഷം ഇവരുടെ ബന്ധം തുടർന്നു. അതുകൊണ്ട് ഐ.പി.സി സെക്ഷൻ 376 പ്രകാരമുള്ള മാനഭംഗക്കുറ്രമായി വ്യാഖ്യാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
2013ൽ ഫേസ്ബുക്കിലൂടെയാണ് പരാതിക്കാരി യുവാവുമായി സൗഹൃദത്തിലായത്. നല്ല പാചകക്കാരനാണെന്ന് പറഞ്ഞ് യുവതിയെ ഇയാൾ പതിവായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് ഭക്ഷണം തയ്യാറാക്കുകയും ബിയർ കുടിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നാണ് യുവതിയുടെ വാദം. പിന്നീട് വാഗ്ദാനം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു.
2021 മാർച്ചിലാണ് വഞ്ചന, ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരോപിച്ച് യുവതി ഇന്ദിരാനഗർ പോലീസിൽ പരാതി നൽകിയത്. യുവാവ് താമസിക്കുന്ന ദാവൺഗരെ സ്റ്രേഷനിലും പരാതി നൽകി. രണ്ട് കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. അതേസമയം, സമ്പന്നരുമായി ചങ്ങാത്തം കൂടുന്നതും പണം തട്ടുന്നതും യുവതിയുടെ പതിവാണെന്നാണ് യുവാവ് കോടതിയിൽ പറഞ്ഞത്. യുവതി മുമ്പ് പലർക്കുമെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിക്കുകയും കേസ് രജിസ്റ്റർ ചെയ്‌യുകയും ചെയ്തിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു.
2016ൽ യുവതി മൊഴി മാറ്റിപ്പറഞ്ഞതിനാൽ ഒരാളെ വെറുതെ വിട്ടതായും യുവാവ് വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |