മാഡ്രിഡ് : സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം മുൻ താരം സാബി അലോൺസോ ഏറ്റെടുത്തേക്കും. ഇക്കുറി ചാമ്പ്യൻസ് ലീഗിൽ നിന്ന് സെമി കാണാതെ പുറത്താവുകയും കോപ്പ ഡെൽ റേ ഫൈനലിൽ ബാഴ്സലോണയോട് തോൽക്കുകയും ചെയ്ത റയൽ മാഡ്രിഡ് ലാ ലിഗയിൽ ബാഴ്സയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. റയലിന്റെ പരിശീലക സ്ഥാനത്തുനിന്ന് കാർലോ ആഞ്ചലോട്ടി ഈ സീസണിന് ഒടുവിൽ പടിയിറങ്ങുമെന്നാണ് സൂചന. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാകാൻ ആഞ്ചലോട്ടി തയ്യാറെടുക്കുകയാണ്.
ആഞ്ചലോട്ടിയുടെ ഒഴിവിലേക്ക് ക്ളബ് സാബിയെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സാബിയും ഇതിനോട് താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ ജർമ്മൻ ക്ളബ് ബയേർ ലെവർകൂസന്റെ കോച്ചാണ് സാബി. ഒന്നേകാൽ നൂറ്റാണ്ടോളം നീണ്ട ക്ളബിന്റെ ചരിത്രത്തിലാദ്യമായി ജർമ്മൻ ബുണ്ടസ് ലീഗ കിരീടം നേടിക്കൊടുത്ത് കഴിഞ്ഞ സീസണിൽ സാബി വിസ്മയം സൃഷ്ടിച്ചിരുന്നു.ഈ സീസണിൽ ലെവർകൂസൻ ബയേണിന് പിന്നിൽ രണ്ടാം സ്ഥാനത്താവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |