ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമു ജി-20 ഉച്ചകോടിയുടെ ഭാഗമായി ഭാരത് മണ്ഡപത്തിൽ നൽകിയ വിരുന്നിൽ കേരളത്തിന്റെ ചക്ക, മട്ട അരി, ചെറുധാന്യങ്ങൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത വിഭവങ്ങൾ. രാത്രി എട്ടുമുതൽ തുടങ്ങിയ വിരുന്നിനെത്തിയ അതിഥികളെ പുരാതന നളന്ദാ സർവകലാശാലയുടെ വലിയ ചിത്രത്തിന് മുന്നിൽ നിന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്നാണ് സ്വീകരിച്ചത്. ഇന്ത്യയുടെ വൈവിധ്യങ്ങൾ രുചിയിലുമുണ്ടെന്ന ആമുഖത്തോടെയുള്ള മെനുവിൽ ചെറുധാന്യങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നു. അവയുടെ പോഷകാംശവും കാർഷിക മൂല്യവും വിവരിച്ചു. 'പാത്രം' എന്ന പേരിൽ സ്റ്റാർട്ടർ ആയി നൽകിയത് ചെറുധാന്യ ഇലകളും യോഗ്ഹർട്ടും മസാല ചട്ണിയുമായിരുന്നു. വനംവർണ്ണം എന്ന പേരിലുള്ള മെയിൻ കോഴ്‌സിൽ ചക്ക കൊണ്ടുള്ള ഗാലറ്റ്, കാട്ടു കൂൺ, മൊരിച്ച ചെറുധാന്യം, കറിവേപ്പില ഇട്ട കേരള മട്ടയരി എന്നിവയ്‌ക്കു പുറമെ മുംബയ് വടാപാവ്, ഏലക്ക ചേർത്ത ബക്കർഖാനി മധുരപലഹാരം എന്നിവയുമുണ്ടായിരുന്നു. മധുരിമ എന്ന പേരിലുള്ള ഡെസേർട്ട് മെനുവിൽ ഏലക്കായ ചേർത്ത ചെറുധാന്യ പുഡ്ഡിംഗ്, ഫിഗ്, പീച്ച് പഴങ്ങളും അരിപ്പൊടിയും കൊണ്ടുള്ള വിഭവവും. കുടിക്കാൻ കാശ്മീരി കഹ്‌വ, ഫിൽട്ടർ കോഫി, ഡാർജിലിംഗ് ചായ എന്നിവയും ഭക്ഷണത്തിന് ശേഷം മുറുക്കാൻ പാനും വച്ചിരുന്നു. വെള്ളിയും സ്വർണവും പൂശിയ പാത്രങ്ങളിലായിരുന്നു രാഷ്ട്രത്തലവന്മാർക്കും നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും ഭക്ഷണം വിളമ്പിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |