ന്യൂഡൽഹി: കൊവിഡിനെ മറികടക്കാമെങ്കിൽ രാജ്യങ്ങളുടെ പരസ്‌പര വിശ്വാസമില്ലായ്‌മയും അകറ്റാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യരാശിയുടെ ക്ഷേമവും സന്തോഷവും എപ്പോഴും ഉറപ്പാക്കണമെന്ന് ആയിരം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ലോകത്തിന് നൽകിയ സന്ദേശം ഇന്ന് പ്രസക്തമാണെന്നും ജി 20 ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
21-ാം നൂറ്റാണ്ട് ലോകത്തിനാകെ പുതിയ ദിശാബോധം നൽകുന്ന കാലഘട്ടമാണ്. വർഷങ്ങൾ പഴക്കമുള്ള വെല്ലുവിളികൾക്ക് പുതിയ പരിഹാരങ്ങൾ തേടേണ്ട സമയവുമാണ്. മനുഷ്യ കേന്ദ്രീകൃത സമീപനത്തോടെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റി മുന്നോട്ട് പോകണം.
കൊവിഡിന് ശേഷം, വിശ്വാസമില്ലായ്‌മയുടെ വലിയ പ്രതിസന്ധിയാണ് ലോകത്ത് വന്നിരിക്കുന്നത്. യുക്രെയിൻ സംഘർഷം ഈ വിശ്വാസമില്ലായ്‌മയുടെ ആഴം കൂട്ടി. കോവിഡിനെ മറികടന്നതു പോലെ ഈ പ്രതിസന്ധിക്കും പരിഹാരം കാണാനാകും.
ജി-20 പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യ, മുഴുവൻ ലോകത്തെയും ഒന്നിക്കാൻ ക്ഷണിക്കുന്നു. ആഗോള തലത്തിലെ വിശ്വാസമില്ലായ്‌മ വിശ്വാസത്തിലേക്കും ആത്മവിശ്വാസത്തിലേക്കും മാറ്റണം. എല്ലാവരും ഒന്നിച്ച് നടക്കേണ്ട സമയമാണിത്. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വിശ്വാസം, എല്ലാവർക്കും പുരോഗതി, എല്ലാവർക്കും പ്രയത്നം എന്ന മന്ത്രം ലോകത്തിന് വഴികാട്ടട്ടെ. ഈ ആശയം സാർത്ഥകമാക്കാനാണ് ആഫ്രിക്കൻ യൂണിയന് ജി-20യിൽ സ്ഥിരാംഗത്വം നൽകാൻ ഇന്ത്യ നിർദ്ദേശിച്ചത്.
വടക്ക് - തെക്ക് വിഭജനവും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകലവും ഇല്ലാതാക്കണം.
ഭക്ഷണം, ഇന്ധനം, വളം, ഭീകരതയുടെ ഉന്മൂലനം, സൈബർ സുരക്ഷ, ആരോഗ്യം, ഊർജം, ജലസുരക്ഷ എന്നിവ ഉറപ്പുവരുത്തണം. ഇത്തരം വെല്ലുവിളികൾക്ക് പുതിയ പരിഹാരങ്ങൾ തേടണം. അത് വർത്തമാനകാലത്തിന് മാത്രമല്ല, ഭാവി തലമുറയ്ക്കും ആവശ്യമാണ്.
ഇന്ത്യയുടെ ജി - 20 അദ്ധ്യക്ഷത രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്നതിന്റെ പ്രതീകമാണ്. ജി 20നോടനുബന്ധിച്ച് രാജ്യത്തെ 60 ലധികം നഗരങ്ങളിലായി 200-ലധികം യോഗങ്ങൾ നടത്തി. കോടിക്കണക്കിന് ഇന്ത്യക്കാർ അതിൽ പങ്കാളികളായി. അങ്ങനെ ജനങ്ങളുടെ ജി 20 ആയി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |