ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ കണക്ക് തേടി സുപ്രീംകോടതി. സെപ്തംബർ 30 വരെ ഓരോ രാഷ്ട്രീയ പാർട്ടിക്കും എത്ര ഫണ്ട് ലഭിച്ചുവെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കണം. ഇതിനായി രണ്ടാഴ്ച സമയംചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനുവദിച്ചു. സംഭാവനയുടെ കൃത്യമായ കണക്കുകൾ ഇല്ലാത്തതിന് കോടതി കമ്മിഷനെ വിമർശിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിക്ക് സുതാര്യതയില്ലെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, സി.പി.എം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടന തുടങ്ങിയവർ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്. ഫണ്ട് നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന നിലപാട്, വിവരങ്ങൾ അറിയാനുള്ള വോട്ടറുടെ അവകാശത്തെയാണ് നിഷേധിക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് ഹർജികൾ വിധി പറയാൻ മാറ്റി.
പകരം സംവിധാനം
നിലവിലെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ പോരായ്മകളുണ്ടെന്നും പഴുതടച്ച പുതിയ ബദൽ സംവിധാനം വേണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. സംഭാവനകൾ പണമായി വാങ്ങുന്ന പഴയ രീതിയിലേക്ക് പോകണമെന്നല്ല പറയുന്നത്. ഇപ്പോഴത്തെ ബോണ്ട് സമ്പ്രദായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. നിയമനിർമ്മാണസഭയോ, എക്സിക്യുട്ടീവോ ആണ് ആവശ്യമായ നടപടിയെടുക്കേണ്ടത്. കോടതിക്ക് ആ പ്രക്രിയയിൽ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കപിൽ സിബലിന്
ദേഹാസ്വാസ്ഥ്യം
ഇന്നലെ രാവിലെ തുറന്നകോടതിയിൽ വാദമുഖങ്ങൾ പുരോഗമിക്കുന്നതിനിടെ ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബലിന് ദേഹാസ്വാസ്ഥ്യമുണ്ടായി. വിഷയം ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കപിൽ സിബലിന്റെ ആരോഗ്യവിവരം തിരക്കി. സുപ്രീംകോടതി കോൺഫറൻസ് റൂമിൽ ഇരുന്ന് വീഡിയോ കോൺഫറൻസ് മുഖേന വാദം പറയാൻ സൗകര്യമൊരുക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് ശേഷം സിബൽ തുറന്നകോടതിയിൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |