ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഗവർണർ - സർക്കാർ പോര്. മുതിർന്ന സി.പി.എം നേതാവ് എൻ. ശങ്കരയ്യക്കുള്ള ഓണററി ഡോക്ടറേറ്റ് ശുപാർശ ഗവർണർ അംഗീകരിക്കാത്തതിനെത്തുടർന്നാണ് പോര് ശക്തമായത്.
ഗവർണറുടെ നടപടിയെ ഡി.എം.കെയും സി.പി.എമ്മും അപലപിച്ചു. തുടർന്ന് മധുരൈ കാമരാജ് യൂണിവേഴ്സി ബിരുദദാന ചടങ്ങ് ഡി.എം.കെ സർക്കാർ ബഹിഷ്‌കരിച്ചു. യൂണിവേഴ്സിറ്റിയാണ് മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ശങ്കരയ്യയ്ക്ക് ആദര സൂചകമായി ഡോക്ടറേറ്റ് നൽകാൻ തീരുമാനിച്ചത്.
സെപ്തംബർ 20ന് ചേർന്ന സർവകലാശാല സെനറ്റ് ശങ്കരയ്ക്ക് ഓണററി ഡോക്‌ടറേറ്റ് നൽകാൻ പ്രമേയം പാസ്സാക്കി. ഇന്നലെ നടന്ന ബിരുദദാന ചടങ്ങിൽ ഡോക്ടറേറ്റ് നൽകാനായിരുന്നു തീരുമാനം. എന്നാൽ തമിഴ്നാട് ഗവർണർ ശുപാർശ അംഗീകരിച്ചില്ല.
ഗവർണർക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം നടന്നു. ഗവർണറുടെ ആർഎ.സ്.എസ് വിധേയത്വത്തിന് പുതിയ തെളിവാണിതെന്ന് മന്ത്രി കെ. പൊന്മുടി പ്രതികരിച്ചു. 102 വയസ്സുള്ള ശങ്കരയ്യ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ആ നേതാവിനെ ആദരിക്കുന്നതിനെയാണ് ഗവർണർ എതിർക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.സിൻഡിക്കേറ്റും സെനറ്റും രണ്ട് തവണ പ്രമേയം അംഗീകരിച്ചിട്ടും ഗവർണർ വിസമ്മതിക്കുകയായിരുന്നു.
സർവകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്നത് നിയമവിരുദ്ധവും സർവകലാശാലയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് മധുര എംപി വെങ്കിടേശൻ പറഞ്ഞു. രാജ്യത്തെ മഹാനായ നേതാക്കളിൽ ഒരാളോട് അനാദരവ് കാണിക്കുകയാണെന്നും പറഞ്ഞു.
രാജ്ഭവന് നേരെ പെട്രോൾ ബോംബേറുണ്ടായ സംഭവത്തിലും സർക്കാർ- ഗവർണർ പോര് രൂക്ഷമായിരുന്നു. തുടർന്ന്
ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഗവർണർ ആർ.എൻ രവിയെ സ്ഥാനത്തുനിന്ന് നീക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും എം.കെ സ്റ്റാലിൻ പരിഹാസ രൂപേണ ആവശ്യപ്പെട്ടിരുന്നു. ഗവർണർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരുകയാണെന്നും പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |