ന്യൂഡൽഹി : സ്വകാര്യ മേഖലയിലെ ജോലികളിൽ തദ്ദേശീയർക്ക് 75 ശതമാനം സംവരണം കൊണ്ടുവന്ന ഹരിയാന സർക്കാർ നടപടി ഭരണഘടനാവിരുദ്ധമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. മണ്ണിൻ മക്കൾ നയത്തിന്റെ അടിസ്ഥാനത്തിലെന്ന് ആരോപിക്കപ്പെട്ട നിയമം ജസ്റ്റിസുമാരായ ജി.എസ്. സന്ധാവാലിയ, ഹർപ്രീത് കൗർ ജീവൻ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. മനോഹർലാൽ ഖട്ടർ സർക്കാരിന് ഇത് തിരിച്ചടിയായി.
സംസ്ഥാന നിയമം രാജ്യതാത്പര്യത്തെ ഹനിക്കുന്നതാകരുതെന്നും,,വിഷയത്തിൽ നിയമ നിർമാണത്തിന് സംസ്ഥാനത്തിന് അധികാരമില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി ,കേന്ദ്ര സർക്കാരിന്റെ അധികാരത്തിലേക്ക് കടന്നു കയറരുതെന്നും ഓർമിപ്പിച്ചു. തദ്ദേശീയരെ നിയമിക്കണമെന്ന് സ്വകാര്യ തൊഴിലുടമകളെ നിർബന്ധിക്കാനാകില്ല. അനുവദിച്ചാൽ മറ്റ് സംസ്ഥാനങ്ങളും ആ പാത പിന്തുടരും. രാജ്യമാകെ കൃത്രിമ മതിലുകൾ ഉയരുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ഒരു കൂട്ടം വ്യവസായ സംഘടനകളുടെ ഹർജികളിലാണ് വിധി. മുപ്പതിനായിരം രൂപയ്ക്ക് താഴെ ശമ്പളം ലഭിക്കുന്ന സ്വകാര്യ ജോലികളുടെ 75 ശതമാനം ഹരിയാന സ്വദേശികൾക്ക് സംവരണം ചെയ്യുന്ന നിയമമാണ് 2020ൽ കൊണ്ടു വന്നത്. സ്വകാര്യ മേഖലയിലെ സംവരണം തൊഴിലുടമകളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാരുടെ തൊഴിൽ വൈദഗ്ദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യമേഖല ചലിക്കുന്നത്. അവരുടെ യോഗ്യതയ്ക്ക് അനുസരിച്ച് രാജ്യത്ത് എവിടെയും ജോലി ചെയ്യാൻ മൗലികാവകാശമുണ്ടെന്നും ഹർജിക്കാർ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |