ന്യൂഡൽഹി: ബംഗാളിലെ ജയിലുകളിൽ വനിതാ തടവുകാർ വ്യാപകമായി ഗർഭിണികളാകുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. 196 കുഞ്ഞുങ്ങൾ ബംഗാളിലെ വിവിധ കറക്ഷണൽ ഹോമുകളിൽ കഴിയുന്നുണ്ടെന്നും അമിക്കസ് ക്യൂറി കൽക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. സംസ്ഥാനത്തെ ജയിൽ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇത്. വനിതാ തടവുകാരെ പാർപ്പിച്ചിരിക്കുന്നിടത്ത് പുരുഷ ജീവനക്കാരെ വിലക്കണമെന്നും അമിക്കസ് ക്യൂറിയായ അഡ്വ. തപസ് കുമാർ ഭാഞ്ജ ശുപാർശ ചെയ്തു. വ്യാഴാഴ്ച ഇക്കാര്യങ്ങൾ കൽക്കട്ട ഹൈക്കോടതിയിൽ നേരിട്ടെത്തി അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ്, ജയിലുകളിൽ തടവുകാരെ കുത്തിനിറയ്ക്കുന്നുവെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്.
പശ്ചിമബംഗാളിൽ വനിത തടവുകാർ ഗർഭിണികളാകുന്നുവെന്ന വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയ ജസ്റ്റിസ് സഞ്ജയ് കുമാർ അദ്ധ്യക്ഷനായ ബെഞ്ച്, ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളിനെ ചുമതലപ്പെടുത്തി. തടവുകാരെ കുത്തിനിറയ്ക്കുന്നുവെന്ന ഹർജിയിൽ കോടതിയെ സഹായിക്കാനായി നിയോഗിച്ചിരുന്ന അഭിഭാഷകനാണ്.
കൽക്കട്ട ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് കൽക്കട്ട ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കൊൽക്കത്തയിലെ അലിപോർ കറക്ഷണൽ ഹോമിൽ ഒരു ഗർഭിണിയുണ്ട്. അവിടെ മാത്രം 15 കുട്ടികൾ താമസിക്കുന്നുണ്ട്. പത്ത് ആൺകുട്ടികളും, അഞ്ച് പെൺകുട്ടികളും. കറക്ഷണൽ ഹോമിൽ തന്നെയാണ് കുട്ടികൾക്ക് ജന്മം നൽകിയതെന്ന് വനിത തടവുകാർ അമിക്കസ് ക്യൂറിക്ക് മൊഴി നൽകിയിട്ടുണ്ട്. ലൈംഗിക ചൂഷണം ഒഴിവാക്കുന്നതിനായി വനിതകളെ ഇവിടങ്ങളിലേക്ക് അയക്കുന്നതിന് മുൻപ് പ്രെഗ്നൻസി ടെസ്റ്റ് നടത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |