ന്യൂഡൽഹി : ഡൽഹിയിലെ സ്‌കൂളുകളിലെ വ്യാജ ബോംബ് ഭീഷണിയിൽ ആം ആദ്മിയുടെ പങ്കെന്തെന്ന് ചോദിച്ചും കടന്നാക്രമിച്ചും ബി.ജെ.പി. 400ൽപ്പരം വ്യാജ ഭീഷണി ഇ-മെയിലുകൾ അയച്ച കേസിൽ 12ാം ക്ലാസുകാരനെ പൊലീസ് പിടികൂടിയിരുന്നു. വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് പാർലമെന്റ് ആക്രമണക്കേസിലെ കുറ്റവാളിയായ അഫ്സൽ ഗുരുവിന്റെ വധശിക്ഷയെ എതിർത്ത എൻ.ജി.ഒയുമായി ബന്ധമുണ്ടെന്ന് ഡൽഹി സ്‌പെഷ്യൽ പൊലീസ് കമ്മിഷണർ മധുപ് തിവാരി ഇന്നലെ വ്യക്തമാക്കിയിരുന്നു. സംശയനിഴലിലുള്ള സന്നദ്ധസംഘടനയ്‌ക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. വിവിധ വിഷയങ്ങളിൽ എൻ.ജി.ഒ, ഇതേ രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകിയിട്ടുണ്ട്. രാജ്യവിരുദ്ധ ശക്തികളുടെ അട്ടിമറി ശ്രമമാണോയെന്ന് സംശയിക്കുന്നു. എല്ലാ വശവും സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. പിന്നാലെയാണ് ആം ആദ്മിക്കെതിരെ ബി.ജെ.പി രംഗത്തെത്തിയത്.
'ആ രാഷ്ട്രീയ പാർട്ടി"
ഡൽഹി പൊലീസ് പറഞ്ഞ ആ രാഷ്ട്രീയ പാർട്ടി ആം ആദ്മിയാണെന്ന് ബി.ജെ.പിയുടെ രാജ്യസഭാ എം.പി സുധാൻഷു തിവാരി ആരോപിച്ചു. പൊലീസ് പറയുന്ന എൻ.ജി.ഒയുമായി ആംആദ്മിയുടെ ബന്ധമെന്തെന്ന് ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ വ്യക്തതമാക്കണം. രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി വിദ്യാർത്ഥിയെ കരുവാക്കിയതാണോ? ഡൽഹിയിലെ ക്രമസമാധാന നില കുഴപ്പത്തിലാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നോ എന്നും ബി.ജെ.പി നേതാവ് സംശയം പ്രകടിപ്പിച്ചു. രാഷ്ട്രീയനേട്ടത്തിനായുള്ള ബി.ജെ.പിയുടെ ശ്രമമെന്ന് ആം ആദ്മി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് പ്രതികരിച്ചു.
നാമനിർദ്ദേശ പത്രിക
സമർപ്പിച്ച് അതിഷി ; കേസും
കൽക്കാജി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഡൽഹി മുഖ്യമന്ത്രി അതിഷി ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. അതിഷിയുടെ എതിരാളി കോൺഗ്രസിന്റെ അൽക്ക ലാംബയും ഇന്നലെ നാമനിർദ്ദേശപത്രിക നൽകി. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ രമേഷ് ബിദുഡിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. അതേസമയം, ഔദ്യോഗിക വാഹനങ്ങൾ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ നീക്കത്തിന് ഉപയോഗിച്ചുവെന്ന പരാതിയിൽ അതിഷിക്കെതിരെ ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു.
പരിഹസിച്ച് രാഹുൽ
ഡൽഹിയെ പാരീസ് പോലെയാക്കുമെന്ന കേജ്‌രിവാളിന്റെ വാഗ്ദാനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാലിന്യം കെട്ടിക്കിടക്കുന്ന തോട് സന്ദർശിക്കുന്ന വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചായിരുന്നു പരിഹാസം. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഒരുപോലെയെന്ന് നേരത്തെയും രാഹുൽ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |