ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷ സാദ്ധ്യത ഉയർന്നിരിക്കെ, ഇന്ന് ആരംഭിക്കുന്ന പാർലമെന്റിന്റെ രണ്ടാംഘട്ട ബഡ്ജറ്റ് സമ്മേളനം നിർണായകം. മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രമേയം കൊണ്ടുവരുമ്പോൾ പ്രതിപക്ഷം വിമർശനങ്ങൾക്ക് മൂർച്ച കൂട്ടും. പ്രമേയം ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ മണിപ്പൂർ ബഡ്ജ്റ്റ് ഇന്ന് പാർലമെന്റിന്റെ മേശപ്പുറത്ത് വയ്‌ക്കും. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ഫലപ്രദമല്ലെന്നാണ് പ്രതിപക്ഷ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാന ശ്രമങ്ങൾക്ക് മുൻകൈയെടുക്കണമെന്നതും സംസ്ഥാനം സന്ദർശിക്കണമെന്നതും പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യമാണ്.
എട്ട് മുതൽ കലാപബാധിത മേഖലകളിലെ അടക്കം റോഡുകളിൽ കൂടിയുള്ള ഗതാഗതം തടസമില്ലാതെ ഉറപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാൽ അന്നുമുതൽ കുക്കികൾക്ക് സ്വാധീനമുള്ള മേഖലകളിൽ പ്രതിഷേധം ശക്തമാണ്. ശനിയാഴ്ച കുക്കികളും സുരക്ഷാ സേനയുമായുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കുക്കി സംഘടനകൾ ആഹ്വാനം ചെയ്‌ത അനിശ്ചിതകാല ബന്ദിനെ തുടർന്ന് ഇന്നലെയും ചുരാചന്ദ്പൂർ, തെംഗ്‌നൗപൽ തുടങ്ങിയ മേഖലകളിൽ സംഘർഷ സാദ്ധ്യത തങ്ങിനിന്നു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ചുരുക്കം വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. സുരക്ഷാ സേനയെ അധികമായി നിയോഗിച്ചിട്ടുണ്ട്. നിരോധിത സംഘടനകളിലെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സഭ പ്രക്ഷുബ്ധമാകും
പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തിനിടയിലും വിവാദ വഖഫ് ഭേദഗതി ബിൽ ഈ സമ്മേളന കാലയളവിൽ തന്നെ മോദി സർക്കാർ അവതരിപ്പിച്ചേക്കും. ഏപ്രിൽ നാലു വരെയാണ് രണ്ടാം ഘട്ട ബഡ്ജറ്റ് സമ്മേളനം. വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ആരോപണം തൃണമൂൽ കോൺഗ്രസ് കടുപ്പിക്കും. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ലോക്‌സഭാ മണ്ഡല പുനർനിർണയം, പുതിയ വിദ്യാഭ്യാസ നയം എന്നിവയ്‌ക്കെതിരെ രംഗത്തുള്ള ഡി.എം.കെ ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടും. യു.എസ് ഏർപ്പെടുത്തുന്ന താരിഫും പ്രതിപക്ഷം ആയുധമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |