ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെ കുടുക്കിയത് മെറ്രൽ ഡിറ്റക്ടർ. 14 കിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച രന്യ കസ്റ്റംസിന് മുമ്പിൽ വെളിപ്പെടുത്തേണ്ടതായിട്ടുള്ള ഒരു വസ്തുവും ഇല്ലെന്നാണ് പറഞ്ഞിരുന്നത്. മാർച്ച് നാലിന് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ രന്യ ഇറങ്ങി. ടെർമിനൽ രണ്ടിൽ എത്തി. ഗ്രീൻ ചാനൽ വഴി കടക്കാനായിരുന്നു ശ്രമം. ഇതിനിടയിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർ തടഞ്ഞു. സ്വർണമോ നികുതി നൽകേണ്ടതോ ആയ എന്തെങ്കിലും വസ്തുക്കൾ കൈവശം ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി.
എന്നാൽ മെറ്റൽ ഡിറ്റക്ടർ ലോഹത്തിന്റെ സാന്നിദ്ധ്യം കാണിച്ചു. രന്യയുടെ ഹാൻഡ് ബാഗും ട്രോളിയും സ്‌കാൻ ചെയ്തെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് രന്യയെ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ക്രേപ്പ് ബാൻഡേജും മറ്റും ഉപയോഗിച്ച് അരക്കെട്ടിലും കാലിലുമായി സ്വർണക്കട്ടികൾ കെട്ടിവച്ചു. സ്വർണക്കഷണങ്ങൾ ഷൂസിലും പാന്റ്സിന്റെ പോക്കറ്റുകളിലും ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു.കഴിഞ്ഞ മൂന്നിനാണ് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് രന്യ പിടിയിലാകുന്നത്. ജാക്കറ്റിനുള്ളിലും ബെൽറ്റിനടിയിലും ഒളിപ്പിച്ച നിലയിൽ 14.2 കിലോഗ്രാം ഭാരമുള്ള സ്വർണ്ണക്കട്ടികൾ കണ്ടെത്തി.
വിവാഹ ദൃശ്യങ്ങൾ
പരിശോധിക്കും
രന്യയുടെ വി.ഐ.പി ബന്ധം കണ്ടെത്താൻ അന്വേഷണം ശക്തം. ഇതിനായി രന്യയുടെ വിവാഹ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് സി.ബി.ഐ അറിയിച്ചു. വിവാഹ സത്കാരത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും പങ്കെടുത്തിരുന്നു. വിവാഹത്തിൽ പങ്കെടുത്ത് വില കൂടിയ സമ്മാനം നൽകിയവരെക്കുറിച്ചും അന്വേഷിക്കും. രന്യക്ക് സഹായം നൽകിയ ബംഗളൂരു വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്ന നാല് പ്രോട്ടോക്കോൾ ഓഫീസർമാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യും. വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ ഓഫീസർമാർ കള്ളക്കടത്ത് ശൃംഖലയെ സഹായിക്കുന്ന തരത്തിലുള്ള എന്തെങ്കിലും തരത്തിലുള്ള ഒത്തുകളികൾ ഉണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നെന്നും റിപ്പോർട്ടുണ്ട്.
രന്യയുടെ രണ്ടാനച്ഛനും ഡി.ജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ കെ.രാമചന്ദ്ര റാവുവിനെതിരെ ആഭ്യന്തര അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ രന്യ റാവുവിന്റെ കൂട്ടാളിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരു സ്വദേശി തരുൺ രാജാണ് അറസ്റ്റിലായത്. നാല് മാസം മുൻപ് ബെംഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അത്യാഡംബരത്തോടെയാണ് രന്യ റാവുവും പ്രമുഖ ആർക്കിടെക്ടായ ജതിൻ ഹുക്കേരിയും വിവാഹിതരായത്. ഇതോടെ രന്യയും തരുണും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നു. ബംഗളുരുവിലെ പല ആഡംബര റസ്റ്റോറന്റുകളുടെയും ശിൽപ്പിയെന്ന നിലയിൽ പേര് കേട്ട ജതിൻ, രന്യയുടെ പല യാത്രകളിലും കൂടെയുണ്ടായിരുന്നു. എന്നാൽ സ്വർണക്കടത്തിനായി ഇരുവരും ബന്ധം തുടർന്നെന്നാണ് റിപ്പോർട്ട്. രന്യ പിടിയിലാവുമ്പോൾ ഭർത്താവ് ജതിൻ കൂടെയുണ്ടായിരുന്നു. തനിക്കൊന്നുമറിയില്ല എന്നാണ് ജതിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |