ന്യൂഡൽഹി : മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി സ്റ്റേ ചെയ്‌ത് സുപ്രീംകോടതി. മനുഷ്യത്വരഹിത സമീപനമാണ് ജഡ്‌ജി രാം മനോഹർ നാരായൺ മിശ്രയുടേതെന്ന് നിരീക്ഷിക്കുകയും ചെയ്തു.
മറ്റുള്ളവരുടെ വികാരങ്ങളെ കുറിച്ച് തരിമ്പും ഉത്കണ്ഠയില്ലാത്ത മനോഭാവമാണ് വെളിപ്പെടുന്നതെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാരിനും ഉത്തർപ്രദേശിനും നോട്ടീസിന് ഉത്തരവിട്ടു.
'വീ, ദ വിമൻ ഒഫ് ഇന്ത്യ" സന്നദ്ധസംഘടനയ്‌ക്ക് വേണ്ടി മുതിർന്ന അഭിഭാഷക ശോഭാ ഗുപ്‌ത അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊതുതാത്പര്യഹർജി ജസ്റ്റിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ച് തിങ്കളാഴ്ച തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ബെഞ്ച് സ്വമേധയാ ഇടപെട്ടത്. പെൺകുട്ടിയുടെ മാതാവ് സമർപ്പിച്ച അപ്പീലിനൊപ്പം ഈ കേസും പരിഗണിക്കും.
ഗൗരവമുള്ള വിഷയമാണെന്നും, പീഡനക്കേസിൽ വിചാരണക്കോടതി പ്രതികൾക്ക് സമൻസ് അയച്ച ഘട്ടത്തിലാണ് ഹൈക്കോടതി ഉത്തരവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിധി പൊടുന്നനെ എഴുതിയതല്ല. വിധി പറയാൻ മാറ്റി നാലു മാസത്തിനു ശേഷമാണിത്. ഇതിനർത്ഥം ഹൈക്കോടതി ജഡ്‌ജി കാര്യങ്ങൾ വിലയിരുത്തി തന്നെയാണ് വിധി പറഞ്ഞതെന്നാണ്. അതിനാൽ നിരീക്ഷണങ്ങൾ സ്റ്റേ ചെയ്യാൻ നിർബന്ധിതരായെന്നും വ്യക്തമാക്കി. വിഷയത്തിൽ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെയും, സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും സഹായം കോടതി അഭ്യർത്ഥിച്ചു.
അക്രമത്തിനിര
പതിനൊന്നുകാരി
ഉത്തർപ്രദേശിൽ പതിനൊന്നുകാരിയെ രണ്ടുപേർ ചേർന്ന് പീഡനത്തിനിരയാക്കിയ കേസിലായിരുന്നു വിവാദ നിരീക്ഷണങ്ങൾ. 2021ൽ കസ്ഗഞ്ചിലായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ ആകാശ്,പവൻ എന്നിവർ തൊട്ടടുത്ത ഭൂഗർഭ തുരങ്കത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മാറിടത്തിൽ ബലംപ്രയോഗിക്കുകയും പൈജാമയുടെ ചരടു പൊട്ടിക്കുകയും ചെയ്‌തു. നിലവിളി കേട്ട് ഓടിക്കൂടിയവരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |