ന്യൂഡൽഹി : ജമ്മു കാശ്‌മീർ അതിർത്തിയിലെ ഗ്രാമീണർ ഭീതിയിലാണ് . ഉറക്കമൊഴിഞ്ഞ്, കണ്ണീരണിഞ്ഞാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. പാകിസ്ഥാൻ ഇന്ത്യൻ സൈനിക പോസ്റ്റുകളെ മാത്രമല്ല, ജനവാസ മേഖലകളെയും ലക്ഷ്യമിട്ടാണ് കനത്ത ഷെല്ലാക്രമണം നടത്തുന്നത്.
അന്തരീക്ഷത്തിൽ വെടിമരുന്നിന്റെ ഗന്ധം. ഷെല്ലുകൾ വീണയിടങ്ങളിൽ നിന്ന് പുക ഉയരുന്നു. പലരും ഒഴിഞ്ഞുപോകാൻ തുടങ്ങി.
വ്യാഴാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ഷെല്ലാക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. സലാമാബാദിൽ രണ്ടു വീടുകൾ പൂർണമായും തകർന്നു. രണ്ട് കുട്ടികൾ അടക്കം നാലു പേർക്ക് പരിക്കേറ്റു. ജിംഗാലിൽ 10 വീടുകൾ തകർന്നു. സിലികോട്ട്, കമാൽകോട്ടെ, ബോനിയാർ, ജിംഗാൽ, മൊഹുറ എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലും ഷെല്ലുകൾ വീണു. ഇന്നലെ രാത്രിയും ഉറിയിൽ പാക് ഷെല്ലാക്രമണമുണ്ടായി. കരസേന രൂക്ഷമായി തിരിച്ചടിച്ചു.
കാറിൽ ഷെൽ പതിച്ചു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഉറി സെക്‌ടറിൽ വ്യാഴാഴ്ച രാത്രി പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കുടുംബത്തോടൊപ്പം കാറിൽ മറ്റൊരിടത്തേക്ക് പോകുമ്പോഴാണ് വീട്ടമ്മയായ നർഗീസ് ബാനു (45) കൊല്ലപ്പെട്ടത്.വാഹനത്തിന് മുകളിലേക്ക് പാക് ഷെൽ പതിച്ചു. നർഗീസിന്റെ തലയിലേക്ക് ചീളുകൾ തറച്ചു കയറി. രണ്ട് ബന്ധുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. അമ്മയുടെ മരണവിവരമറിഞ്ഞ് മകൾ ബോധരഹിതയായി. സ്‌ത്രീകളുടെ നിലവിളികളും കുട്ടികളുടെ കരച്ചിലുകളും ഉയർന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാൻ ആദ്യമായാണ് ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇത്ര കനത്ത ഷെല്ലാക്രമണം വ്യാഴാഴ്ച രാത്രി നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനു ശേഷമുള്ള പാക് ഷെല്ലിംഗിലെ ആദ്യ മരണവും. പൂഞ്ച് ജില്ലയിലെ ഇബ്രാർ മാലികാണ് കൊല്ലപ്പെട്ട രണ്ടാമൻ.
പൂഞ്ച് സെക്‌ടറിലെ വീട്ടിൽ പാക് ഷെൽ പതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നു. മേയ് ഏഴിലെ ദൃശ്യമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |