സൈനിക മേധാവി ജനറൽ അസീം മുനീറെന്ന ഒറ്റയാളിന്റെ പിടിവാശിയാണ് പാകിസ്ഥാനെ നാശത്തിന്റെ വക്കിലേക്ക് ഇപ്പോൾ നയിക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ഭീകരരെ ഒതുക്കുക അല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്നും പാക് സൈന്യത്തെയോ സിവിലിയൻമാരെയോ ഉന്നമിടുന്നില്ലെന്നും വ്യക്തമാക്കിയിരുന്നതാണ്. പക്ഷേ അതു വകവയ്ക്കാതെ നമ്മുടെ മണ്ണിൽ സിവിലിയന്മാരെയും സൈനികേതര ലക്ഷ്യങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കാനാണ് കഴിഞ്ഞദിവസം അവർ ശ്രമിച്ചത്. സുദർശന ചക്ര എസ് 400 പോലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അവരെ ഇന്ത്യയ്ക്ക് നിഷ്പ്രയാസം തുരത്താനായി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ശക്തമായ തിരിച്ചടിയും നൽകി. നാലിടങ്ങളിൽ ഇന്ത്യയുടെ കരുത്ത് അവർ അറിഞ്ഞു. ഒരിടത്തെ പാക് വ്യോമപ്രതിരോധ സംവിധാനവും നശിപ്പിച്ചു.
പാക് ആയുധ ശേഖരത്തിന്റെ ഏതാണ്ട് 80 ശതമാനത്തോളം വരുന്നത് ചൈനയിൽ നിന്നും ബാക്കി തുർക്കിയിൽ നിന്നും മറ്റുമാണ്. തുർക്കിയുടെ നൂറുകണക്കിന് ഡ്രോണുകൾ ഇന്നലെ ഇന്ത്യയ്ക്കുനേരെ പ്രയോഗിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ചൈനീസ് നിർമ്മിത എച്ച് ക്യൂ 9 വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയുടേതിന്റെ ശേഷിയുടെ ഏഴയലത്ത് വരില്ല. തദ്ദേശീയമായവ കൂടാതെ ഇസ്രയേൽ നിർമ്മിതമായ അത്യാധുനിക ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ആന്റി ഡ്രോൺ സംവിധാനങ്ങളും ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. പാക് ശ്രമങ്ങളെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അവരുടെ നീക്കങ്ങൾക്കായി നാം കാത്തിരിക്കുകയാണ്.
സംഘർഷത്തിന്റെ വ്യാപ്തി കൂട്ടാൻ ഇന്ത്യ ഒരുഘട്ടത്തിലും ശ്രമിച്ചിട്ടില്ല. അസീം മുനീറിന്റെ പിടിവാശി ഇന്ത്യയെ എങ്ങനെയും തുറന്നൊരു യുദ്ധത്തിലേക്ക് വലിച്ചിടുക എന്നതാണെന്ന് വേണം മനസിലാക്കാൻ. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ പോലും ഇല്ലാത്ത അവസ്ഥയിലാണ് പാകിസ്ഥാൻ. തീർത്തും ദയനീയമായ സാഹചര്യം. എന്നിട്ടും സ്വന്തം പൗരന്മാർ ഇല്ലാതായാലും വേണ്ടില്ലെന്നതാണ് അസീം മുനീറെന്ന യൂണിഫോം ധരിച്ച മതതീവ്രവാദിയുടെ നയം. ഈ സമീപനം കൊണ്ട് സമാധാനം ഉണ്ടാകുക എളുപ്പമല്ല. പാകിസ്ഥാനിൽ തന്നെ സൈന്യത്തിനും ഭരണത്തിനുമെതിരെ കനത്ത പ്രതിരോധം ഉയരുന്നതിന്റെ പ്രതിഫലനം ബലൂചിസ്ഥാനിലും ഇമ്രാൻ അനുകൂലികളുടെ നിലപാടുകളിലും നിന്ന് വ്യക്തമാണ്. പാക് സൈന്യത്തെ കൊന്നുതള്ളുകയാണ് ബലൂച് വിമത സൈന്യം. പാക് പതാകയ്ക്ക് പകരം പതാക വരെ അവർ അവിടെ ഉയർത്തിക്കഴിഞ്ഞു. ഗുരുതരമായ ആഭ്യന്തര പ്രശ്നത്തിന് നടുവിൽ നിന്ന് ഇന്ത്യയുമായി ഒരു യുദ്ധം കാംക്ഷിക്കുന്ന സൈനിക നേതൃത്വം പാക് ജനതയുടെ നന്മ ആഗ്രഹിക്കുന്നില്ല.
പാകിസ്ഥാനിലെ ആത്മഹത്യാപരമായ അവരുടെ നിലപാടിനെതിരെ ജനാഭിപ്രായം ഉണരണം. അതിന്റെ ലക്ഷണങ്ങൾ അവിടെ പ്രകടമാണെങ്കിലും എത്രയും വേഗം അങ്ങനെയൊരു നീക്കം ഉണ്ടായെങ്കിലേ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ശമിക്കാനുള്ള സാഹചര്യം രൂപപ്പെടൂ. ഇല്ലെങ്കിൽ പാക് സാഹസങ്ങൾക്കെല്ലാം ഇരട്ടി ശക്തിയോടെ ഇന്ത്യ തിരിച്ചടി നൽകുമെന്നുറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |