ഇസ്ലാമാബാദ്: ഇന്ത്യ-പാക് സംഘർഷം മൂർച്ഛിക്കുന്നതിനിടെ പാകിസ്ഥാൻ സർക്കാരിനും സൈന്യത്തിനുമെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് പാക് എം.പി ഷാഹിദ് അഹമ്മദ്. രൂക്ഷമായ ഭാഷയിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഷാഹിദ് വിമർശിക്കുന്ന വീഡിയോ പുറത്തുവന്നു. ഷെഹ്ബാസ് ഒരു ഭീരുവാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയാൻ പോലും അദ്ദേഹത്തിന് ഭയമാണെന്നും ഷാഹിദ് വിമർശിച്ചു.
"സിംഹങ്ങളുടെ സൈന്യത്തെ ഒരു കുറുക്കൻ നയിച്ചാൽ അവർക്ക് യുദ്ധം ചെയ്യാൻ കഴിയില്ല, അവർ യുദ്ധത്തിൽ തോൽക്കും." ടിപ്പു സുൽത്താന്റെ ഉദ്ധരണി ചൂണ്ടിക്കാട്ടി ഷാഹിദ് പറഞ്ഞു. "അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന നമ്മുടെ സൈനികർ നമ്മൾ ധൈര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, പ്രധാനമന്ത്രി തന്നെ ഒരു ഭീരുവാകുമ്പോൾ, മോദിയുടെ പേര് പറയാൻ കഴിയാതെ വരുമ്പോൾ, മുൻനിരയിൽ ജീവൻ പണയപ്പെടുത്തി പോരാടുന്നവർക്ക് നമ്മൾ എന്ത് സന്ദേശമാണ് നൽകുന്നത്?" അതേസമയം, നിങ്ങൾക്ക് യൂറോപ്പിലും അമേരിക്കയിലും സ്വത്തുണ്ട്, വീടുകളുണ്ട്. ഞങ്ങളാണ് ഇവിടെ കഴിയേണ്ടത്. ഞങ്ങൾ സാധാരണക്കാർ എങ്ങോട്ട് പോകും?’ -അദ്ദേഹം ചോദിച്ചു.
നേരത്തെ, പാക് എം.പി താഹിർ ഇഖ്ബാൽ പാർലമെന്റിൽ വൈകാരികമായി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. "യാ ഖുദാ, ആജ് ബച്ചാ ലോ" (ദൈവമേ, ഇന്ന് ഞങ്ങളെ രക്ഷിക്കണമേ) എന്ന് അദ്ദേഹം പാർലമെന്റിൽ അപേക്ഷിക്കുന്ന കാഴ്ച യഥാർത്ഥത്തിൽ പാകിസ്ഥാന്റെ ദയനീയാവസ്ഥയുടെ നേർചിത്രമായാണ് വിലയിരുത്തപ്പെട്ടത്.
വിചിത്രവാദവുമായി
പ്രതിരോധ മന്ത്രി
ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മനഃപൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങൾ വെളിപ്പെടുത്താതിരിക്കാനാണിത്. പാകിസ്ഥാൻ പാർലമന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് ആസിഫിന്റെ വിചിത്ര പ്രതികരണം. ഇതേടെ ഇന്ത്യൻ ഡ്രോണുകൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ സൈന്യത്തിന്റെ അവകാശവാദത്തിന് വിരുദ്ധമായി ഈ പ്രസ്താവന മാറി. ഇത് സൈന്യവും ഭരണകൂടവും ബന്ധത്തിന് വിള്ളൽ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെ ആസിഫിനെതിരെ കടുത്ത വിമർശനമാണ് സാമൂഹിക മാദ്ധ്യമങ്ങളിലും പാകിസ്ഥൻ ജനതയിൽ നിന്നും ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |