മധുര: പ്രധാനവേദിയായ തമുക്കത്തെ സീതാറാം യെച്ചൂരി നഗറിൽ താരമായി കാറൽ മാർക്സ് പ്രതിമ. കസേരയിൽ കാലിൻമേൽ കാൽ കയറ്റിവച്ച് കോട്ടും ധരിച്ച് ഇരിക്കുന്ന ജീവസുറ്റ പ്രതിമയാണ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ രാവിലെ മുതൽ സമ്മേളന നഗറിലെത്തിയ നിരവധിപേർ ഈ പ്രതിമയ്ക്കൊപ്പം കസേരയിട്ട് ഇരുന്ന് ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടി. പ്രമുഖ നേതാക്കളും ഇക്കൂട്ടിത്തിലുണ്ടായിരുന്നു. ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ തുടങ്ങിയ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾ മധുര നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ചിട്ടുണ്ട്.
വർഗീയ വിദ്വേഷത്തിന്
എതിരെ പ്രമേയം
മധുര: ആർ.എസ്.എസും ബി.ജെ.പിയും സംഘപരിവാറും വർഗീയ വിദ്വേഷത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നതായി മധുര പാർട്ടി കോൺഗ്രസ് പാസാക്കിയ പ്രമേയം. പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ മേയ് 20ന് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രമേയവും പാസാക്കി. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സർക്കാരുകളുടെ പരാജയങ്ങൾ നൽകുന്ന അസംതൃപ്തി മറികടക്കാനും ഭൂരിപക്ഷ സമുദായത്തിനിടയിൽ പിന്തുണ നിലനിറുത്താനും ലക്ഷ്യമിട്ടാണ് വർഗീയ ധ്രുവീകരണം. ഹിന്ദു ഉത്സവ സമയങ്ങളിൽ മറ്റ് സമുദായങ്ങളുടെ ആരാധനാലയങ്ങൾക്ക് സമീപം അക്രമങ്ങൾ പതിവാകുന്നു. കുട്ടികളെപ്പോലും വെറുതെ വിടുന്നില്ല.
വർഗീയ ചേരുവകളോടെ ചരിത്രത്തെ വളച്ചൊടിക്കാൻ രൂപകൽപ്പന ചെയ്ത സിനിമകളെ അവർ പ്രോത്സാഹിപ്പിക്കുന്നു. നാഗ്പൂരിൽ നടന്ന സംഘർഷങ്ങൾ ഇതിന്റെ ഫലമായിരുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കോടതികളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നു. സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെയും മുസ്ലിങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെയും ഫലപ്രദമായ പ്രചാരണം നടത്താൻ പ്രമേയം ആഹ്വാനം ചെയ്യുന്നു.
സംഘടനാ റിപ്പോർട്ടിൽ
ചർച്ചയിൽ എട്ട് പേർ
മധുര: സി.പി.എം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിന് 46 മിനിട്ട് അനുവദിക്കും. കെ.കെ. രാഗേഷ്, എം.ബി. രാജേഷ്, ടി.എൻ. സീമ, കെ. അനിൽകുമാർ, ജെയ്ക് സി. തോമസ് എന്നീ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പി.കെ. ബിജു, എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, കെ.കെ. രാഗേഷ്, ഡോ. ആർ. ബിന്ദു, ഡോ. ടി.എൻ. സീമ, ജെയ്ക് സി.തോമസ്, എം. അനിൽകുമാർ എന്നീ പ്രതിനിധികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |