ന്യൂഡൽഹി: പാകിസ്ഥാന്റെ പ്രകോപനങ്ങളെ അതിർത്തിക്കപ്പുറത്ത് അടിച്ചു തകർത്തതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ. പാകിസ്ഥാന്റെ മിറാഷ് വിമാനത്തിന്റെയും ചൈനീസ് നിർമ്മിത പി.എൽ 15 മിസൈലിന്റെയും തുർക്കി നിർമ്മിത യിഹ, സോംഗർ ഡ്രോണുകളുടെ അവശിഷ്‌ടങ്ങളും അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും ലോകത്തിന് മുന്നിൽ തുറന്നു കാട്ടി.
ഭീകരരെയും അടിസ്ഥാന സൗകര്യങ്ങളെയും തകർത്തപ്പോൾ പാകിസ്ഥാൻ സൈന്യം സാഹസം കാട്ടിയതാണ് തിരിച്ചടി അനിവാര്യമാക്കിയത്. ഏത് നഷ്ടത്തിനും അവർക്ക് മാത്രമാണ് ഉത്തരവാദിത്വമെന്നും മിലിട്ടറി ഓപ്പറേഷൻസ് മേധാവി ലെഫ്. ജനറൽ രാജീവ് ഘായ്, വ്യോമസേനാ ഓപ്പറേഷൻസ് മേധാവി എയർ വൈസ് മാർഷൽ എ.കെ. ഭാരതി, വ്യോമസേന ഓപ്പറേഷൻസ് മേധാവി വൈസ് അഡ്‌മിറൽ എ.എൻ. പ്രമോദ് എന്നിവർ പത്രസമ്മേളനത്തിൽ ആവർത്തിച്ചു.
മേയ് 7, 8, 9, 10 തിയതികളിൽ ജമ്മുകാശ്‌മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളിൽ പാകിസ്ഥാന്റെ ആക്രമണം മിറാഷ്, എഫ് 16 യുദ്ധ വിമാനങ്ങളും പി.എൽ 15 മിസൈലുകളും യിഹ, സോംഗർ ഡ്രോണുകളും ആളില്ലാ ആകാശ വാഹനങ്ങളും ഉപയോഗിച്ചു.
പാക് ആക്രമണ രീതി മുൻകൂട്ടി അറിഞ്ഞ് മൂന്ന് സേനകളുടെയും ഏകോപനത്തോടെ ബഹുലത എയർ ഡിഫൻസ് സംവിധാനമാണ് ഇന്ത്യ ഒരുക്കിയത്. പല നിരകളായി സ്ഥാപിച്ച സെൻസറുകളും ആയുധ സംവിധാനങ്ങളും (ഒന്നിൽ പിഴച്ചാൽ അതടുത്തത്), തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനങ്ങളും (സോഫ്റ്റ്, ഹാർഡ്-കിൽ കൗണ്ടർ -യു.എ.വി) പ്രതിരോധ മതിൽ കെട്ടി. ഇവയെ ഏകോപിപ്പിച്ചത് വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആന്റ് കൺട്രോൾ സിസ്റ്റമാണ്.
തെക്കൻ പഞ്ചാബിലെ റഹിം യാർ ഖാൻ എയർബേസിൽ ഇന്ത്യൻ മിസൈൽ വീണ് വൻ ഗർത്തം രൂപപ്പെട്ടതിന്റെ ചിത്രവും സേന പങ്കിട്ടു. പാകിസ്ഥാനിൽ നിന്നുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 9,843 അടി നീളമുള്ള റൺവേ ഉപയോഗ ശൂന്യമായതിനാൽ ഇവിടെ പ്രവർത്തിക്കുന്ന ഷെയ്ഖ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പാക് വ്യോമശക്തിയുടെ അഭിമാന കേന്ദ്രമായ റാവൽപിണ്ടിക്കടുത്തുള്ള നൂർ ഖാൻ വ്യോമതാവളത്തിലെ ആക്രമണ വീഡിയോയും പുറത്തുവിട്ടു.
എതിരാളികളെക്കാൾ
വളരെ മുന്നിൽ
ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ ഏതു വെല്ലുവിളിയും നേരിടാൻ പൂർണ്ണമായും പ്രാപ്തരാണെന്ന് ലെഫ്. ജനറൽ രാജീവ് ഘായ്. ഏതുതരം സാങ്കേതികവിദ്യയും നേരിടാൻ നമ്മൾ സജ്ജരാണെന്ന് തെളിയിച്ചു. ഇന്ത്യൻ ആക്രമണം ജീവിക്കുന്ന തെളിവുകളാണ്. ഇനിയൊരു യുദ്ധമുണ്ടായാൽ, ഉണ്ടാവാതിരിക്കട്ടെ, അത് ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഇതൊരു പൂച്ചയും എലിയും കളി പോലെയാണ്. എപ്പോഴും നാം എതിരാളികളെക്കാൾ മുന്നിലായിരിക്കണം.
പാകിസ്ഥാനിൽ നിന്നുള്ള പ്രകോപനങ്ങളെ തടയാൻ നാവിക പ്രതിരോധം സഹായിച്ചെന്ന് വൈസ് അഡ്‌മിറൽ പ്രമോദ്. നാവികസേനാ കപ്പലുകളും മുങ്ങിക്കപ്പലുകളും കാവൽ നിന്നത് പാകിസ്ഥാൻ നാവിക, വ്യോമ യൂണിറ്റുകളെ പ്രതിരോധത്തിലാക്കി. പാക് ആണവ ശേഖരമുള്ള കിരാന ഹിൽസിലെ കേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന ആരോപണം സേന തള്ളി.
പി.എൽ-15 മിസൈൽ
ചൈന വികസിപ്പിച്ചെടുത്ത റഡാർ നിയന്ത്രിത ദീർഘദൂര എയർ-ടു-എയർ മിസൈൽ
ചൈന എയർബോൺ മിസൈൽ അക്കാഡമി രൂപകല്പന ചെയ്ത ബിഹോണ്ട്-വിഷ്വൽ-റേഞ്ച് എയർ-ടു-എയർ മിസൈൽ
പ്രവർത്തന പരിധി 200 മുതൽ 300 കിലോമീറ്റർ വരെ. ചില സാഹചര്യങ്ങളിൽ 400 കിലോമീറ്റർ വരെയും പോകും
ഇനേർഷ്യൽ, സാറ്റലൈറ്റ് നാവിഗേഷൻ, ഡാറ്റാലിങ്ക്, ആക്റ്റീവ് റഡാർ എന്നിവയുടെ സംയോജനമാണിത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |