ന്യൂഡൽഹി : രാജ്യാന്തര അതിർത്തിക്കും നിയന്ത്രണരേഖയ്‌ക്കും സമീപമുള്ള ജനവാസമേഖലകളിൽ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇന്ത്യ - പാക് സംഘർഷത്തിന് താത്കാലിക വിരാമമുണ്ടായതോടെ സുരക്ഷിത സ്ഥലങ്ങളിലായിരുന്ന ജനങ്ങൾ വീടുകളിലേക്ക് മടങ്ങി തുടങ്ങി.
ജമ്മു കാശ്‌മീരിലെ അതിർത്തി മേഖകളിലെ ഒഴികെ സ്‌കൂളുകളും കോളേജുകളും ഇന്ന് മുതൽ പ്രവർത്തിക്കും. അതിർത്തി മേഖലകളിൽ ചിതറി കിടക്കുന്ന ഷെൽ അവശിഷ്‌ടങ്ങൾ പൂർണമായി നീക്കിയ ശേഷം ശേഷമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയുള്ളുവെന്നാണ് വിവരം. ബോംബ് സ്‌ക്വാഡ് ദ്രുതഗതിയിൽ അവശിഷ്‌ടങ്ങൾ നീക്കാനുള്ള പ്രവർത്തനത്തിലാണ്.
നിയന്ത്രണരേഖയ്‌ക്ക് സമീപത്തെ നിരവധി വീടുകൾ പാക് ഷെല്ലിംഗിൽ തകർന്നിരുന്നു. അവയ്‌ക്ക് മുന്നിൽ പകച്ചിരിക്കുകയാണ് വീട്ടുകാർ. ഷെല്ലിന്റെ ഭാഗങ്ങൾ പലയിടങ്ങളിലുമുള്ളതിനാൽ ജാഗ്രതയിലാണ് നാട്ടുകാർ. സംശയകരമായി കാണപ്പെടുന്ന വസ്‌തുക്കളിൽ തൊടരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉടൻ പൊലീസിനെ അറിയിക്കണം. പഞ്ചാബിലെ അതിർത്തി മേഖലകളിലെ വ്യാപാര കേന്ദ്രങ്ങൾ ഇന്നലെ സജീവമായി.
മക്കളെ നഷ്ടപ്പെട്ട
വേദനയിൽ കുടുംബം
നിയന്ത്രണരേഖയ്‌ക്ക് സമീപത്തെ പൂഞ്ചിൽ മേയ് 7ന് പാകിസ്ഥാൻ ജനവാസ മേഖലകളിലേക്ക് നടത്തിയ ഷെല്ലാക്രമണത്തിൽ ഇരട്ട കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. മാതാപിതാക്കൾ ആഘാതത്തിൽ നിന്ന് വിമുക്തരായിട്ടില്ല. ഗുരുതര പരിക്കേറ്റ പിതാവ് റമീസ് ഖാനും അമ്മ ഉരുസ ഖാനും ആശുപത്രിയിൽ ചികിത്സയിലാണ്. ഇടയ്‌ക്കിടെ മക്കളുടെ പേര് വിളിച്ചു അമ്മ അലമുറയിടുന്നു. മക്കളുടെ മരണം പിതാവിനെ അറിയിച്ചിട്ടില്ല. 12 വയസുകാരായ സായിൻ അലി, ഉർവ ഫാത്തിമ എന്നിവരെയാണ് പാക് ഷെല്ലിംഗിൽ റമീസ് ഖാൻ - ഉരുസ ഖാൻ ദമ്പതികൾക്ക് നഷ്‌ടപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |