ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഒാപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന പാകിസ്ഥാനും ലോകത്തോടുമുള്ള ശക്തമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. പഹൽഗാമിൽ പുരുഷൻമാരെ തെരഞ്ഞു പിടിച്ച് വധിച്ച ഭീകരർക്ക് ഒാപ്പറേഷൻ സിന്ദൂറിൽ അതേ നാണയത്തിൽ നൽകിയ തിരിച്ചടി അമ്മമാർക്കും സഹോദരിമാർക്കും അദ്ദേഹം സമർപ്പിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ പിന്തുണയോടെ പ്രവർത്തിച്ച ഭീകര കേന്ദ്രങ്ങളെ തിരഞ്ഞെടുത്ത് ആക്രമിച്ചതിനെ ന്യായീകരിച്ച പ്രധാനമന്ത്രി ,ഭാവിയിൽ ഇന്ത്യയുടെ നിലപാടും ശക്തമായ ഭാഷയിൽ വിശദീകരിച്ചു. വെടി നിറുത്തലിന് യു.എസ് ഇടപെട്ടത് പാകിസ്ഥാൻ ആണവായുധം ഉപയോഗിച്ചേക്കുമെന്ന സാഹചര്യത്തിലെന്ന് വാർത്ത വന്നിരുന്നു. ആണവ ശക്തികൾ തമ്മിലുള്ള പോരെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെയും വിശേഷിപ്പിച്ചു. ഈ സാഹചര്യം മുന്നിൽക്കണ്ടാണ് ആണവ ഭീഷണി വിലപ്പോകില്ലെന്ന് മോദി തറപ്പിച്ച് പറഞ്ഞത്.
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നടപടികൾ എങ്ങനെയായിരിക്കുമെന്ന് മോദി മൂന്നായി തിരിച്ച് കൃത്യതയോടെ അവതരിപ്പിച്ചു: ആണവ ഭീഷണി വിലപ്പോകില്ല, ഭീകരരും അവരെ പിന്തുണയ്‌ക്കുന്നവരും തമ്മിൽ വ്യത്യാസമില്ല, ഭീകര കേന്ദ്രങ്ങൾ സ്വന്തം നിലയ്‌ക്ക് തകർക്കും. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സേനയുടെ പ്രകടനം പ്രചോദനാത്മകമായ വാക്കുകളിൽ വിവരിച്ച ഇന്ത്യ, ഭീകരർ ഇനി ഇങ്ങോട്ട് നോക്കാൻ ധൈര്യപ്പെടില്ലെന്ന സന്ദേശമാണ് നൽകിയത്.
വെടിനിർത്തലിന് യു.എസ് ഇടപെട്ടത് ജമ്മുകാശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ചർച്ചയ്‌ക്ക് വഴി തുറക്കുമെന്ന പാകിസ്ഥാന്റെ പ്രതീക്ഷകൾ ഊതിക്കെടുത്തുന്നതാണ് മോദിയുടെ വാക്കുകൾ. പാകിസ്ഥാനുമായുള്ള ചർച്ചകൾ ഭീകരത, അവർ അന്യായമായി കൈവശം വച്ചിരിക്കുന്ന അധിനിവേശ കാശ്‌മീർ എന്നിവയിൽ മാത്രമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥ ചർച്ചയ്‌ക്ക് സന്നദ്ധത അറിയിച്ച ഡൊണാൾഡ് ട്രംപിനും അതു ബാധകം. സിന്ധു നദീ കരാർ പാകിസ്ഥാൻ മറന്നേക്കൂ എന്ന വ്യക്തമായ സന്ദേശവും അതിലുണ്ട്.ഭീകരതയും കച്ചവടവും ഒന്നിച്ച് നടക്കില്ലെന്നും വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നുമുള്ള വാക്കുകൾ ശ്രദ്ധേയം. ഓപ്പറേഷൻ സിന്ദൂറിന്റെ സൂചനകൾ നൽകി ബീഹാറിൽ നടത്തിയ രാഷ്‌ട്രീയ പ്രസംഗത്തെക്കാൾ വിഷയത്തിന്റെ ഗാംഭീര്യം ഉൾക്കൊണ്ട് മൂർച്ചയുള്ളതും കൃത്യവുമായിരുന്നു ഉപയോഗിച്ച വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |