ന്യൂഡൽഹി: പാക് തടവിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ ബി.എസ്.എഫ് ജവാൻ പൂർണം കുമാർ ഷായ് നേരിട്ടത് കൊടിയ പീഡനം. ഉറങ്ങാൻ സമ്മതിച്ചില്ലെന്നും ചാരനെപ്പോലെ പെരുമാറിയെന്നും ഷാ വെളിപ്പെടുത്തി. ഏപ്രിൽ 23ന് പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ ഡ്യൂട്ടിക്കിടെ അബുദ്ധത്തിൽ അതിർത്തി കടന്നതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഷായെ പാക് റേഞ്ചർമാർ ഉറങ്ങാൻ അനുവദിക്കാതെ തുടർച്ചയായി ചോദ്യം ചെയ്‌തു. മാനസികമായി തളർത്തുന്ന വിധത്തിലായിരുന്നു അവരുടെ സമീപനം. ഒരു ചാരനെപ്പോലെയാണ് പെരുമാറിയത്. അതിർത്തിയിലെ സൈനിക വിന്ന്യാസങ്ങളെക്കുറിച്ച് ചോദിച്ചു. ബി.എസ്.എഫ് ജവാനാണെന്ന് പറഞ്ഞിട്ടും ചോദ്യം ചെയ്യൽ തുടർന്നു. ഭക്ഷണം തന്നെങ്കിലും പല്ലു തേക്കാൻ പോലും സമ്മതിച്ചില്ല. കസ്റ്റഡിയിലെടുത്തപ്പോൾ മുതൽ കണ്ണ് കെട്ടിയിരുന്നു. മൂന്നിടങ്ങളിലേക്ക് മാറ്റി. ഒരിക്കൽ മാറ്റിയ സ്ഥലത്ത് തുടർച്ചയായി വിമാനങ്ങളുടെ ശബ്ദങ്ങൾ കേട്ടിരുന്നു. ഏതോ വ്യോമതാവളത്തിനടുത്താണെന്ന് തോന്നിയതായും ഷാ പറഞ്ഞു. പാകിസ്ഥാൻ സേനയിൽ നിന്ന് മോചിതനായ ശേഷം ഇന്റലിജൻസ് ഏജൻസികൾ ചോദ്യം ചെയ്‌തുവരുന്ന പൂർണം കുമാർ ഷായുമായി ഭാര്യ രജനി ഫോണിൽ സംസാരിച്ചപ്പോളാണ് പീഡന വിവരങ്ങൾ പുറത്തുവന്നത്. ഭർത്താവ് ക്ഷീണിതനാണെങ്കിലും തിരിച്ചുവന്ന് രാജ്യ സേവനം തുടരുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |