ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനിൽ നിന്ന് ആണവ ഭീഷണി ഉണ്ടായില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയെ ബോധ്യപ്പെടുത്തി. ഇന്നലെ നടന്ന സിറ്റിംഗിൽ ശശി തരൂർ അദ്ധ്യക്ഷനായ കമ്മിറ്റി മിസ്രിയെ വിളിച്ചു വരുത്തിയിരുന്നു.
സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയുടെ പങ്ക് എന്തായിരുന്നുവെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. വെടിനിറുത്തൽ നിലവിൽ വന്നത് ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷൻസ് മേധാവിമാർ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണെന്ന് മിസ്രി വിശദീകരിച്ചു. ആണവായുധം ഉപയോഗിക്കുമെന്ന പാക് ഭീഷണിയുടെ പശ്ചാത്തലത്തിൽ യു.എസ് ഇടപെട്ട് വെടിനിറുത്തൽ സാദ്ധ്യമാക്കിയെന്ന റിപ്പോർട്ടുകളും അംഗങ്ങൾ ചൂണ്ടിക്കാട്ടി. അങ്ങനെയൊരു ഭീഷണി ഒരിക്കലും ഉയർന്നില്ലെന്ന് മിസ്രി പറഞ്ഞു.
പാകിസ്ഥാൻ ചൈനീസ് ആയുധങ്ങൾ ഉപയോഗിച്ചതും തുർക്കി ആയുധം നൽകി പിന്തുണച്ചതും ചർച്ചയായി. പാക് ആക്രമണ ശ്രമങ്ങൾ ഇന്ത്യൻ സേന വിഫലമാക്കിയതിനാൽ ചൈനീസ് ആയുധങ്ങൾക്ക് പ്രസക്തി നഷ്‌ടമായെന്ന് മിസ്രി പറഞ്ഞു. തുർക്കി ഒരിക്കലും ഇന്ത്യയെ അനുകൂലിച്ചിട്ടില്ല. അടുത്ത കാലത്തെങ്ങും ബന്ധം മെച്ചപ്പെടാനിടയില്ലെന്നും കൂട്ടിച്ചേർത്തു.
കമ്മിറ്റി അദ്ധ്യക്ഷൻ ശശി തരൂരിന് പുറമെ രാജീവ് ശുക്ള, ദീപേന്ദർ ഹൂഡ(കോൺഗ്രസ്), അഭിഷേക് ബാനർജി (തൃണമൂൽ), അസദുദ്ദീൻ ഒവൈസി (എ.ഐ.എം.ഐ.എം) എന്നീ പ്രതിപക്ഷ എം.പിമാരിൽ നിന്നാണ് മിസ്രിക്ക് ചോദ്യങ്ങൾ നേരിടേണ്ടി വന്നത്. അതേസമയം, മിസ്രിക്കെതിരെ നടന്ന സൈബർ ആക്രമണത്തെ ബി.ജെ.പിയിലെ അപരാജിത സാരംഗി, അരുൺ ഗോവിൽ ഉൾപ്പെടെ അംഗങ്ങൾ അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |