ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കാൻ തങ്ങളുടെ സഖ്യകക്ഷിയായ പാകിസ്ഥാനോട് ആവശ്യപ്പെടാനുള്ള ബാദ്ധ്യത തുർക്കിക്കുണ്ടെന്ന് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തുർക്കിക്കെതിരെ രാജ്യത്ത് വ്യാപകമാകുന്ന പ്രതിഷേധത്തെക്കുറിച്ച് പ്രതികരിക്കവെ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
പതിറ്റാണ്ടുകളായി പാകിസ്ഥാൻ സംരക്ഷിക്കുന്ന ഭീകര ആവാസ വ്യവസ്ഥയ്‌ക്കെതിരെ വിശ്വസനീയ നടപടികൾ സ്വീകരിക്കാൻ തുർക്കി ശക്തമായി ആവശ്യപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആശങ്കകളോടുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് പാകിസ്ഥാന് നൽകിയ പട്ടികയിലുള്ള ഭീകരരെ കൈമാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണെന്നും വക്താവ് അറിയിച്ചു. ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഏതൊരു ഉഭയകക്ഷി ചർച്ചയും പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം വിട്ടുകിട്ടാൻ വേണ്ടിയുള്ളതാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നതുവരെ സിന്ധു നദീ കരാർ മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതു പോലെ വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |