ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാാെരുങ്ങി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ പ്രകീർത്തിക്കുന്ന ആഘോഷപരിപാടികളാണ് നടത്തുന്നത്.
ജൂൺ ഒമ്പതിന് മൂന്നാം മോദി സർക്കാർ ഒരു വർഷം പൂർത്തിയാകുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും സംഘടിപ്പിക്കും. ആഘോഷപരിപാടികളുമായി ബന്ധപ്പെട്ടുള്ള അന്തിമപട്ടിക തയ്യാറാക്കുന്നതിനായി പാർട്ടി പ്രവർത്തകരും മന്ത്രിമാരും ഉൾപ്പെടുന്ന പ്രത്യേകസമിതിക്ക് രൂപം നൽകി.
ഓരോ ദിവസവും കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും നടത്തുന്ന 20 മുതൽ 25 കിലോമീറ്റർ വരെയുള്ള കാൽനടയാത്രയാണ് പ്രധാനം. നേതൃസ്ഥാനത്ത് 11 വർഷം പൂർത്തിയാക്കുന്ന മോദി, രാജ്യത്തുടനീളമുള്ള റാലികളിൽ പങ്കെടുക്കും. കേന്ദ്രസർക്കാർ
നടപ്പാക്കിയ ക്ഷേമപരിപാടികൾ, ഓപ്പറേഷൻ സിന്ദൂർ, ജാതി സെൻസസ് തുടങ്ങിയ നിർണായക തീരുമാനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം
മോദിയും നേതാക്കളും ജനങ്ങളോട് സംസാരിക്കും. ഒരു കോടിയിലധികം കൈയെഴുത്തുപ്രതികൾ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയായ ഗ്യാൻ ഭാരത് മിഷൻ പദ്ധതിയുടെ ലോഞ്ചിംഗ് ജൂൺ ഒമ്പതിന് പ്രധാനമന്ത്രി നിർവഹിക്കുമെന്നും റിപ്പോർട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ നിർണായക വിജയത്തോടെ 2024 ജൂൺ ഒമ്പതിനാണ് മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും കേന്ദ്ര സർക്കാർ അധികാരത്തിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |