ന്യൂഡൽഹി: ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ വീഡിയോകൾ സ്‌പോൺസർ ചെയ്തത് പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന യു.എ.ഇ ആസ്ഥാനമായുള്ള ട്രാവൽ കമ്പനിയെന്ന് റിപ്പോർട്ട്. ഒന്നിലധികം വീഡിയോകൾ 'വീഗോ' എന്ന സ്ഥാപനമാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്. ഹരിയാന സ്വദേശിയായ ജ്യോതി നിലവിൽ ഹരിയാന പൊലീസിന്റെ കസ്റ്റഡിയിലാണ്. സിംഗപ്പൂരിലും ദുബായിലും വീഗോയ്ക്ക് ഓഫീസുണ്ട്. ലൈസൻസോടെയാണ് ഈ ട്രാവൽ ഏജൻസി പാകിസ്ഥാനിൽ പ്രവർത്തിക്കുന്നത്. ഇതിന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ അംഗീകാരവുമുള്ളതാണ്. വീഗോയ്ക്ക് പാകിസ്ഥാൻ ധനസഹായം നൽകുന്നു എന്നതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഈ കേസിൽ അവരുടെ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞു. ജ്യോതിയുടെ മറ്റ് വീഡിയോകളുടെ സ്‌പോൺസർമാരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ജ്യോതിയുടെ 'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലിൽ ഏകദേശം നാല് ലക്ഷം സബ്സ്‌ക്രൈബർമാരാണ് ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ അവർക്ക് 1,32,000 ഫോളോവേഴ്സും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |