ന്യൂഡൽഹി: ഇന്ത്യയിലെ നിർണായക വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ രണ്ട് വാരാണസി സ്വദേശികളെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തു. വാരണാസി ജയ്‌ത്പുര ദോഷിപുര നിവാസിയായ പ്രതി തുഫൈൽ ആലം(45), മുഹമ്മദ് ഹാരൂൺ എന്നിവരാണ് പിടിയിലായത്. പാകിസ്ഥാൻ ബന്ധമുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് വിവരങ്ങൾ കൈമാറിയത്. ബാബറി മസ്‌ജിദ് പൊളിച്ചതിലുള്ള പ്രതിഷേധമാണ് പാകിസ്ഥാനു വേണ്ടി പ്രവർത്തിക്കാൻ പ്രേരണയായതെന്നാണ് തുഫൈൽ ആലം പൊലീസിനോട് പറഞ്ഞത്. പാക് സംഘടനകളുമായി ബന്ധമുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇവർ കൈമാറിയെന്നാണ് വിവരം. നിരോധിത പാക് ഭീകര സംഘടനയായ തെഹ്‌രീക്കി ലബ്ബൈക്കിലെ അംഗങ്ങളുമായും ഇവർ ബന്ധപ്പെട്ടിരുന്നു.ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യാനും ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പാക്കണമെന്നും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ തുഫൈൽ ആലയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തു. 600ലധികം പാകിസ്ഥാൻ നമ്പറുകളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു.
ഡൽഹിയിലെ രാജ്ഘട്ട്, നമോ ഘട്ട്, ജുമാ മസ്ജിദ്, ചെങ്കോട്ട, നിസാമുദ്ദീൻ ദർഗ, ഉത്തർപ്രദേശിലെ ഗ്യാൻവാപി, വിവിധ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവയുടെ ഫോട്ടോകൾ വിവിധ ഗ്രൂപ്പുകളിൽ പങ്കിട്ടതായും കണ്ടെത്തി. പാകിസ്ഥാനിലെ ഫൈസലാബാദിൽ നിന്നുള്ള നഫീസ എന്ന സ്ത്രീയുമായി ഫേസ്ബുക്ക് വഴി ബന്ധപ്പെതിന്റെ തെളിവുകളുമുണ്ട്. ഇവരുടെ ഭർത്താവ് പാക് സൈനികനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |