സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ യുവമോഡൽ അഞ്ജലി വർമോറയെ (23) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ,ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അഞ്ജലി മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം ഏറ്റെടുത്ത പൊലീസ് അഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിച്ചുവരികയാണ്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം,അഞ്ജലി ജീവനൊടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സാമൂഹികമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് ചർച്ചയായി. ‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’ എന്നെഴുതിയ റീലാണ് അഞ്ജലി പോസ്റ്റ് ചെയ്തത്. ‘മറ്റെന്ത് നഷ്ടപ്പെട്ടാലും സ്നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല’ എന്ന വാക്കുകൾ ഉൾപ്പെടുത്തിയ മറ്റൊരു റീലും പങ്കുവച്ചിട്ടുണ്ട്. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് അഞ്ജലി കടന്നുപോയതെന്നു സൂചിപ്പിക്കുന്നതാണ് അവസാന പോസ്റ്റുകൾ.
സമൂഹമാദ്ധ്യമങ്ങളിൽ ഏറെ സജീവമായിരുന്ന അഞ്ജലി, ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നത് പതിവായിരുന്നു. നാൽപതിനായിരത്തോളം പേർ അഞ്ജലിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
മേയ് മൂന്നിന് സമാന രീതിയിൽ മറ്റൊരു മോഡലും സൂറത്തിൽ ജീവനൊടുക്കിയിരുന്നു. മദ്ധ്യപ്രദേശിൽനിന്നുള്ള 19കാരി സുഖ്പ്രീത് കൗറാണ് സരോലിയിൽ ആത്മഹത്യ ചെയ്തത്. ഈ കേസിൽ മഹേന്ദ്ര രജ്പുത് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ യുവതിയെ ബ്ലാക്മെയിൽ ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ആത്മഹത്യ പ്രേരണക്കും അതിക്രമത്തിനുമുള്ള കുറ്റം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |