ചെന്നൈ: കരൂരിൽ ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് നയിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം സുപ്രീംകോടതി സി.ബി.ഐയ്ക്ക് വിട്ടത് രാഷ്ട്രീയ നേട്ടമാക്കാൻ വിജയ്. സംഭവത്തിൽ വിജയ്‌ക്കെതിരെ പ്രത്യക്ഷത്തിൽ ആരോപണമൊന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉന്നയിച്ചില്ലെങ്കിലും സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നത് ബി.ജെ.പിയുടേയും ആവശ്യമായിരുന്നു. എൻ.ഡി.എയുമായി വിജയ് അടുക്കുന്നുവെന്ന ധാരണ ശക്തമായിരക്കുന്നതിനിടെ ഇനിയുള്ള വിജയ്‌യുടെ ഓരോ വാക്കിനും രാഷ്ട്രീയ വ്യാഖ്യാനങ്ങൾ കൂടിയുണ്ടാകും.
കരൂർ സംഭവം ബോധപൂർവം സൃഷ്ടിച്ചതാണെന്നും അതിനു പൊലീസിനെ ഉപയോഗിച്ചുവെന്നുമുള്ള വിജയ്‌യുടെ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് കോടതി വിധി. ദീപാവലിക്കു ശേഷം സംസ്ഥാന പര്യടന റാലി പുനഃരാരംഭിക്കാനിരിക്കുകയാണ് വിജയ്. 17ന് കരൂർ സന്ദർശിക്കാനും തീരുമാനമുണ്ട്. അതിനു മുന്നോടിയായിട്ടാണ് കരൂരിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ വിജയ് ദത്തെടുക്കുമെന്ന് ടി.വി.കെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അധവ് അർജുന പ്രഖ്യാപിച്ചത്.
സുപ്രീംകോടതി വിധിക്കു പുറകെയായിരുന്നു പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകൾ ഉൾപ്പെടെ എല്ലാ ചെലവുകളും വിജയ് വഹിക്കും.
അണ്ണാ ഡി.എം.കെയും ബി.ജെ.പിയും ഉൾപ്പെടെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. വിജയ്‌യെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസാമി വിജയ് ക്ഷണം സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. താൻ പങ്കെടുക്കുന്ന പരിപാടികളിൽ ടി.വി.കെ പതാകകളുമായി പ്രവർത്തകർ എത്തുന്നുവെന്നും അത് നല്ല ലക്ഷണമാണെന്നുമാണ് ഇ.പി.എസിന്റെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |