ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി ചോദ്യംചെയ്‌ത ഹർജികൾ നവംബർ 11ന് സുപ്രീംകോടതി പരിഗണിക്കും. സമയക്കുറവ് കാരണം ഇന്നലെ വാദംകേൾക്കാതെ മാറ്റുകയായിരുന്നു. പലപ്രാവശ്യം ലിസ്റ്റ് ചെയ്‌തിട്ടും വാദം കേൾക്കുന്നില്ലെന്ന് ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടനയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇതോടെ, നവംബർ 11ന് തന്നെ വാദം കേൾക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉറപ്പുനൽകി. കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിക്കാണ് കമ്മിഷൻ അംഗങ്ങളെ തിരഞ്ഞെടുക്കാൻ അധികാരം. സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടിയുള്ള സംവിധാനം നിർദ്ദേശിച്ച സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്നാണ് ഹർജികളിലെ ആവശ്യം. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്വതന്ത്ര സ്വഭാവം നഷ്‌ടപ്പെടുമെന്നും ജനാധിപത്യ പ്രക്രിയയുടെ അന്ത്യമുണ്ടാകുമെന്നും ആശങ്ക ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |