ചെന്നൈ: പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം ബിഗ്ബോസ് സൂപ്പർ ഹിറ്റാണ്. കുറെയധികം മനുഷ്യരെ ഒരു വീട്ടിനുള്ളിൽ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ താമസിപ്പിക്കുന്ന പരിപാടിയാണിത്. ആ വീടിനുള്ളിൽ 100 ദിവസം പിടിച്ചു നിൽക്കാൻ കഴിയുന്നയാളാണ് പരിപാടിയിൽ വിജയിക്കുക. ഈ ദിവസങ്ങളിൽ അവരുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന എല്ലാ നിമിഷങ്ങളും പ്രേക്ഷകർ കാണും. ബിഗ്ബോസ് വീടിനുള്ളിൽ നടക്കുന്ന പല കാര്യങ്ങളും പുറത്തും വലിയ വിവാദമാകുന്നത് പതിവാണ്. പരിപാടിക്ക് നിരവധി ആരാധകരുണ്ടെങ്കിലും വലിയ രീതിയിൽ വിമർശനങ്ങളും നേരിടാറുണ്ട്.
ഇപ്പോഴിതാ വിജയ് സേതുപതി അവതാരകനായ തമിഴ് ബിഗ്‌ബോസ് നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെയുടെ സഖ്യകക്ഷി തമിഴക വാഴ്വുരിമൈ കച്ചി (ടിവികെ). ടിവികെ നേതാവും എംഎൽഎയുമായ വേലുമുരുകൻ ഈ ആവശ്യം ഉന്നയിച്ച് ചൊവ്വാഴ്ച പത്ര സമ്മേളനം നടത്തി. പരിപാടിയിൽ കിടപ്പറരംഗങ്ങൾ ഉൾപ്പെടെ സംപ്രേഷണം ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇത്തരം രംഗങ്ങൾ തമിഴ്നാടിന്റെ സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും വേലുമുരുകൻ പറഞ്ഞു.
താൻ ഒരിക്കലും ടെലിവിഷൻ പരിപാടികൾക്ക് എതിരല്ലെന്നും പലപരിപാടികളും സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നതാണെന്നും വേലുമുരുകൻ പറഞ്ഞു. എന്നാൽ, വിജയ് സേതുപതി അവതാരകനായ തമിഴ് ബിഗ്‌ബോസിനെതിരെ നിരവധി ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചു. തമിഴ്നാട്ടിലെ ജനങ്ങളുടെ സംസ്‌കാരത്തെയും ധാർമ്മികമൂല്യങ്ങളെയും നശിപ്പിക്കുന്നതരത്തിലുള്ള മോശം കാര്യങ്ങളാണ് പരിപാടിയിൽ സംപ്രേഷണം ചെയ്യുന്നത്. തമിഴ്സമൂഹത്തിന് എന്ത് ബുദ്ധിമുട്ടുണ്ടായാലും പരിപാടിയുടെ തിരക്കഥയെഴുതുന്നവർക്ക് അത് പ്രശ്‌നമല്ലെന്നും അവർക്ക് പണമാണ് മറ്റെന്തിനെക്കാളും വലുതെന്നും വേലുമുരുകൻ വിമർശിച്ചു.
പരിപാടിയിൽ കിടപ്പറരംഗങ്ങളും മത്സരാർത്ഥികൾ ശാരീരികമായി അടുത്ത് ഇടപെഴകുന്നതുമെല്ലാം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും ഇവയൊന്നും കുട്ടികൾക്ക് ഒപ്പമിരുന്ന് കാണാൻ കഴിയുന്നതല്ലെന്നും വേലുമുരുകൻ ചൂണ്ടിക്കാട്ടി. പാരിപാടിയിൽ ഇതുവരെ കാണിക്കാതിരുന്നത് ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങൾ മാത്രമാണ്, ഇത്രയും തരംതാഴ്ന്ന ഒരു പരിപാടിയിൽ അവതാരകനായി തുടരാനും അതുവഴി പണം സമ്പാദിക്കാനും ആഗ്രഹിക്കുന്നണ്ടോ എന്ന ചോദ്യം വിജയ് സേതുപതിക്കെതിരെയും ഉയർത്തി.
വിഷയത്തിൽ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭാ സ്പീക്കറെ സമീപിച്ചിട്ടുണ്ടെന്ന് വേലുമുരുകൻ പറഞ്ഞു. സ്പീക്കർ പ്രമേയംചർച്ചയ്ക്കെടുക്കുകയോ മുഖ്യമന്ത്രിയും ഐടി സംപ്രേക്ഷണ വകുപ്പുകളും പരിപാടി നിരോധിയ്ക്കുകയോ ചെയ്തില്ലെങ്കിൽ ആയിരക്കണക്കിന് സ്ത്രീകളെ ഉൾപ്പെടുത്തി ബിഗ്ബോസിന്റെ വേദിയിലെത്തി പ്രതിഷേധിക്കുമെന്നും വേലുമുരുകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |