
സ്ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനി രാജ്യത്തിന്റെ നീക്കം നിർണായകമാണ്. പിന്നിൽ
ജെയ്ഷെ മുഹമ്മദാണെന്ന് കരുതുന്നു. സ്ഫോടനത്തിന് വാഹനങ്ങൾ ഉപയോഗിക്കുന്നത് അവരുടെ ശൈലിയാണ്. ഡൽഹി പോലെ പ്രധാനപ്പെട്ടയിടത്ത് ഏറെക്കാലത്തിന് ശേഷമാണ് ഒരു ഭീകരാക്രമണം. പഹൽഗാം സംഭവത്തിന് ശേഷം പാകിസ്ഥാനിലെ പല ഭീകരകേന്ദ്രങ്ങളും തകർത്ത് ഇന്ത്യ വൻ തിരിച്ചടി നൽകി. അത് അവരെ നാണംകെടുത്തി. ഭീകരസംഘടനകൾക്ക് അണികളെ സമാധാനിപ്പിക്കണമെങ്കിൽ പ്രത്യാക്രമണം അനിവാര്യമാണ്. നമ്മുടെ സുരക്ഷാ ഏജൻസികൾ ഇത് മുൻകൂട്ടി കണ്ടതിന്റെ ഫലമാണ് ഫരീദാബാദിൽ കഴിഞ്ഞ ദിവസം ഡോക്ടർമാർ ഉൾപ്പടെയുള്ള സംഘത്തെ വൻ ആയുധശേഖരവുമായി കുടുക്കിയത്. ഇതിന്റെ പ്രതികാരമായാണ് തനിക്ക് സാധിക്കുംപോലെ ഒരാക്രമണം കാശ്മീർ സ്വദേശി നടത്തിയത്.
സംഘാംഗങ്ങൾ അറസ്റ്റിലായിരുന്നില്ലെങ്കിൽ സ്ഫോടനത്തിന്റെ വ്യാപ്തി നാം വിചാരിക്കുന്നതിലും ഭീകരമായേനെ. അതിനുവേണ്ടി 2,900 കിലോ അമോണിയം നൈട്രേറ്റും പൊട്ടാസ്യം നൈട്രേറ്റും ഫരീദാബാദിൽ ശേഖരിക്കാനായത് ചെറിയ കാര്യമല്ല. സൈനികർ ഉപയോഗിക്കുന്ന വെടിക്കോപ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു. രാജ്യമെമ്പാടും സ്ഫോടനപരമ്പരകൾ നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാകണം സംഘം അന്വേഷണ ഏജൻസികളുടെ റഡാറിൽപ്പെട്ടത്. നൂറ് ആക്രമണശ്രമങ്ങളിൽ ഒന്നു വിജയിച്ചാൽ പോലും ഭീകരർക്ക് വലിയ നേട്ടമാണ്. സുരക്ഷാ ഏജൻസികൾ 99 ശ്രമങ്ങൾ തകർത്താലും ഒന്നിൽ തോറ്റുപോയാൽ അമ്പേ പരാജയപ്പെട്ടതായാണ് വിലയിരുത്തപ്പെടുക. ചെങ്കോട്ട സ്ഫോടനത്തിന്റെ കാര്യത്തിലും സുരക്ഷാ ഏജൻസികളുടെ വീഴ്ചയായി കണക്കാക്കപ്പെടുന്നത് അതിനാലാണ്. പിന്നിലുള്ളവരെ കണ്ടുപിടിക്കുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. ദാക്ഷിണ്യമില്ലാതെയുള്ള തിരിച്ചടി ഇപ്പോൾ ഇന്ത്യയുടെ പ്രഖ്യാപിത നയവുമാണ്. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം പാകിസ്ഥാനിലാണ്. പാക്കിസ്ഥാനിൽ പ്രത്യാക്രമണം നടത്തുമോയെന്ന യുദ്ധ ആശങ്കകളും ഉയരുന്നുണ്ട്. അതിന് വലിയ പ്രസക്തിയില്ല. തുറന്ന യുദ്ധമല്ലാതെ തന്നെ തിരിച്ചടിക്കാൻ ഒട്ടേറെ മാർഗങ്ങൾ രാജ്യത്തിനുണ്ട്. അതിനുള്ള ശേഷിയും രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ട്.
ആക്രമണത്തിൽ പാകിസ്ഥാന് നിശ്ചയമായും പങ്കുണ്ടാകണം. അവർക്ക് കാശ്മീർ സുപ്രധാന വിഷയമാണ്. ഇക്കുറി ഡോക്ടർമാർ ഉൾപ്പടെയുള്ള കാശ്മീരിലെ വിദ്യാസമ്പന്നരെയാണ് അവർ ഉപകരണമാക്കിയത്. കാശ്മീർ വികസിക്കരുതെന്നതും കാശ്മീരികൾ നന്നാവരുതെന്നതും പാക് നയമാണ്. അവിടെ അസ്വസ്ഥതകൾ നിലനിറുത്തണമെങ്കിൽ ഈ നയം വിജയിക്കണം. അതിനിടെ വിദ്യാസമ്പന്നരെയും ഉന്നതജോലിക്കാരെയും കെണിയിലാക്കാനുള്ള നീക്കമാണിപ്പോൾ നടന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവർ മതതീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നത് കേരളത്തിൽ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും കാശ്മീരിൽ ഡോക്ടർമാർ ഒന്നിച്ചുചേർന്ന് ഒരു ആക്രമണത്തിൽ പങ്കുകൊള്ളുന്നത് ആദ്യമാകണം. കാശ്മീർ പ്രശ്നം എങ്ങനെയും നിലനിറുത്താനുള്ള പാക് പദ്ധതിയുടെ ഭാഗം തന്നെയാകണം ഈ നീക്കം. ഇത് അപകടകരമാണെന്നുതന്നെ വിലയിരുത്താം. ഇത്തരം ബ്രെയിൻ വാഷിംഗിന് നമ്മുടെ യുവാക്കൾ ഇരയാകുന്നത് തടയാനുള്ള ശ്രമങ്ങളുണ്ടാകണം. ഡൽഹിയിലെ ക്ഷേത്രത്തിന് സമീപം തന്നെ സ്ഫോടനം നടത്തിയതിന് പിന്നിൽ വർഗീയ കലാപമെന്ന ദുരുദ്ദേശ്യവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |