
ഗുവാഹത്തി: അസാമിലെ വെസ്റ്റ് കർബി ആംഗ്ലോങ് മേഖലയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പൊലീസ് വെടിവയ്പ്പിലാണ് മരണം. 48 പൊലീസുകാർക്കും മാദ്ധ്യമപ്രവർത്തകർക്കും അടക്കം നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഐ.പി.എസ് ഉദ്യോഗസ്ഥനുമുണ്ടെന്നാണ് റിപ്പോർട്ട്. മേഖലയിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. കൂടുതലിടങ്ങളിലേക്ക് അക്രമം വ്യാപിക്കുന്നത് തടയാൻ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു. ഇന്നലെ തുടർച്ചയായ രണ്ടാംദിവസത്തെ അക്രമസംഭവങ്ങളിൽ അക്രമികളെ തുരത്താൻ പൊലീസ് വ്യാപകമായി ടിയർ ഗ്യാസ് ഉപയോഗിച്ചു. ലാത്തിച്ചാർജ്ജ് നടത്തി. അക്രമികൾ കടകളും വാഹനങ്ങളും അടിച്ചു തകർത്തു. 15ൽപ്പരം കടകൾ അഗ്നിക്കിരയാക്കി. രണ്ടുവിഭാഗങ്ങളും പരസ്‌പരം ഏറ്റുമുട്ടി, കല്ലെറിഞ്ഞു. പൊലീസിന് നേർക്കും കല്ലേറുണ്ടായി.
ഭൂമികൈയേറ്റം
സംരക്ഷിത വനഭൂമിയിലെ കൈയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിൽ 15 ദിവസമായി ഒരുവിഭാഗത്തിന്റെ നിരാഹാരസമരം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച അക്രമസംഭവങ്ങളുണ്ടായത്. വനമേഖലയിൽ താമസിക്കുന്നവരും, കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരും ഇരുവശത്തുമായി സംഘടിച്ചതോടെ സംഘർഷം പൊട്ടി പുറപ്പെടുകയായിരുന്നു. അസാമിലെ മന്ത്രി രനോജ് പെഗു സമരക്കാരുമായി സംസാരിച്ച് ഇന്നലെ നിരാഹാര സമരം അവസാനിപ്പിച്ചു. ചർച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാദ്ധ്യമാകുകയുള്ളുവെന്ന് മന്ത്രി പ്രതികരിച്ചു.
സംഭവവികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. രണ്ടു പേരുടെ ജീവൻ നഷ്‌ടമായതിൽ വേദനിക്കുന്നു. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ പരിശ്രമിക്കുകയാണ്. മേഖലയിൽ കൂടുതൽ സുരക്ഷാസേനയെ നിയോഗിക്കും
-ഹിമന്ത ബിസ്വ ശർമ്മ
അസാം മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |