
തിരുവനന്തപുരം: അമേരിക്കയുടെ 6500കിലോഗ്രാം ഭാരമുള്ളബ്ളു ബേർഡ് വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ. കരുത്തിന്റെ പുതിയ ചരിത്രം കുറിച്ചു.
ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ നിന്ന് ഇത്രയേറെ ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ഇന്ത്യയുടെ 4400കിലോഗ്രാം ഭാരമുള്ള സി.എം.എസ്-3വാർത്താവിനിമയ ഉപഗ്രഹം നവംബറിൽ വിക്ഷേപിച്ചിരുന്നു.
ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാൻ പേടകം വിക്ഷേപിക്കാൻ വികസിപ്പിച്ച എൽ.വി. എം. 03 എന്ന മനുഷ്യറേറ്റഡ് റോക്കറ്റിലാണ് ഈ രണ്ടു വിജയവും നേടിയത്.
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു ഇന്നലെ രാവിലെ 8.55ന് കുതിച്ചുയർന്ന റോക്കറ്റ് 16 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തി. സ്മാർട്ട് ഫോണുകളിലേക്കു ടവറിന്റെ സഹായമില്ലാതെ നേരിട്ട് അതിവേഗ സെല്ലുലാർ സിഗ്നലുകൾ നൽകാൻ രൂപകൽപ്പന ചെയ്ത ഉപഗ്രഹമാണ് ബ്ലൂബേർഡ്.അമേരിക്കയിലെ എ.എസ്.ടി. കമ്മ്യൂണിക്കേഷൻ അതിവേഗ ഇന്റർനെറ്റിനായി വിന്യസിക്കുന്ന ആറാമത്തെ ഉപഗ്രഹമാണിത്. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (എൻ.എസ്.ഐ.എൽ) യു.എസ് ആസ്ഥാനമായുള്ള എ.എസ്.ടി സ്‌പേസ് മൊബൈലും തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ദൗത്യം.
"ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സുപ്രധാന കാൽവയ്പ്പാണിത്.ആഗോള വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ പങ്ക് ഇത് ശക്തിപ്പെടുത്തും "
-പ്രധാനമന്ത്രി നരേന്ദ്ര മോദി
"ആഗോളതലത്തിൽത്തന്നെ,ഒരുവിക്ഷേപണ വാഹനത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്,'
- ഡോ. വി.നാരായണൻ,
ഐ.എസ്.ആർ.ഒ. ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |