
ന്യൂഡൽഹി: കരസേനയുടെ 78-ാം വാർഷിക ദിനാഘോഷം ജയ്‌പൂരിലെ മഹൽ റോഡിൽ ഇന്ന് നടക്കും. സൈനിക മേഖലയ്‌ക്ക് പുറത്ത് പൊതുവേദിയിലെ ആദ്യത്തെ കരസേനാ ദിനാഘോഷമാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും പങ്കെടുക്കുന്ന ചടങ്ങിന് കൊഴുപ്പേകാൻ സൈനികരുടെ ചെണ്ടമേളം അടക്കം പരിപാടികളുണ്ട്.
മദ്രാസ് റെജിമെന്റിലെ മലയാളി സൈനികരാണ് ശിങ്കാരി ചെണ്ടമേളവുമായെത്തുന്നത്. റിഹേഴ്സലിൽ ചെണ്ടമേളം കാണികൾ ഹർഷാരവത്തോടെ സ്വീകരിച്ചത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കരസേനയുടെ 'സഞ്ജയ്' റോബർട്ടിക് നായ്‌ക്കളും ചെണ്ടമേളത്തിനൊപ്പം നൃത്തം വയ്‌ക്കും.
ദേശീയ പതാകയും ആർമി പതാകയും വഹിച്ചുകൊണ്ടുള്ള ചേതക് ഹെലികോപ്ടർ മാർച്ച് പാസ്റ്റോടെയാണ് ചടങ്ങാരംഭിക്കുക.നേപ്പാൾ ആർമി ബാൻഡും പരേഡിൽ അണി ചേരും. ഡ്രോൺ ആക്രമണം തടയാനും ദ്രുതഗതിയിലുള്ള ആക്രമണങ്ങൾ നടത്താനും കഴിവുള്ള സേനയുടെ പുതിയ ഭൈരവ് ബറ്റാലിയൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടും. അർജുൻ ടാങ്കുകൾ,കെ-9വജ്ര, ധനുഷ് പീരങ്കി തോക്കുകൾ,ബ്രഹ്മോസ് മിസൈലുകൾ എന്നിവയുൾപ്പെടെ നൂതന ആയുധ സംവിധാനങ്ങളും കവചിത വാഹനങ്ങളും പ്രദർശിപ്പിക്കും.നാലാം വർഷമാണ് ഡൽഹിക്ക് പുറത്ത് കരസേനാ ദിനാഘോഷം. ബംഗളൂർ,ലഖ്‌നൗ,പൂനെ നഗരങ്ങളിലാണ് കഴിഞ്ഞവർഷങ്ങളിൽ നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |