
ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയാകെ പ്രതിസന്ധിയിലായതോടെ, അവിടെയുള്ള മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ ആശങ്കയിൽ. ബഹ്റൈനിലെ ഹൂറയിൽ ഇന്നലെ രാത്രി ഫ്ളാറ്റ് സമുച്ചയത്തിലാണ് ഇറാന്റെ മിസൈൽ പതിച്ചത്. കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല. ദുബായിൽ ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം ഡ്രോൺ ആക്രമണമുണ്ടായി. സുരക്ഷ മുൻനിറുത്തി ബുർജ് ഖലീഫ ഒഴിപ്പിച്ചു. ദോഹയിൽ മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചത് പരിഭ്രാന്തി പരത്തി.
അതേസമയം, ഇന്ത്യക്കാർ അപായപ്പെട്ടിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ് വിദേശകാര്യ മന്ത്രാലയം. ഇറാൻ, ഇസ്രയേൽ, ബഹ്റൈൻ, ഖത്തർ, ജോർദാൻ, കുവൈറ്റ്, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ സാഹചര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുന്നുണ്ട്. അപകട സാഹചര്യമാണെങ്കിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചേക്കും.
അടിയന്തര സാഹചര്യമുണ്ടായാൽ തയ്യാറായിരിക്കാൻ വ്യോമയാന മന്ത്രാലയത്തോട് അടക്കം വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുന്നതും ആലോചിക്കുന്നു.
സംഘർഷബാധിത രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുമായി ഇന്ത്യൻ എംബസികൾ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. എംബസികളുമായി സമ്പർക്കം പുലർത്താനും പ്രാദേശിക സുരക്ഷാ മാർഗനിർദ്ദേശങ്ങൾ അനുസരിക്കാനും പൗരന്മാർക്ക് നിർദ്ദേശം നൽകി.
സംയമനം പാലിക്കണം: ഇന്ത്യ
പശ്ചിമേഷ്യ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇതിൽ കക്ഷികളായ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണം. സംഘർഷം ഒഴിവാക്കണം. പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം. സംഘർഷങ്ങൾ ഒഴിവാക്കാനും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്. രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്ന് വിമാന
സർവീസുകൾ റദ്ദാക്കി
കണ്ണൂർ: ഇറാൻ- ഇസ്രയേൽ യുദ്ധ സാഹചര്യത്തെത്തുടർന്ന് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടാനിരുന്ന വിമാനങ്ങൾ റദ്ദാക്കി. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മദ്ധ്യപൂർവേഷ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും അർദ്ധരാത്രി വരെ റദ്ദാക്കിയതായി ഇൻഡിഗോയും അറിയിച്ചു. റംസാൻ വ്രതമായതിനാൽ നാട്ടിലേക്ക് വരാനിരുന്നവരും തൊഴിൽ തേടി പോകാനിരുന്നവരും പ്രതിസന്ധിയിലായി. നെടുമ്പാശേരിയിൽ നിന്ന് മസ്കറ്റിലേയ്ക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം സുരക്ഷാകാരണങ്ങളെത്തുടർന്ന് തിരിച്ചുവിളിച്ചു.
ബഹറൈനിൽ മലയാളികൾ സുരക്ഷിതർ
മനാമ: ബഹ്റൈനിൽ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് ബഹറൈൻ മലയാളി സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള കേരളകൗമുദിയോടു പറഞ്ഞു. അമേരിക്കൻ സൈനിക താവളം സ്ഥിതിചെയ്യുന്ന ജുഫയറിൽ ഇറാന്റെ മിസൈൽ പതിച്ചിരുന്നു. അഞ്ചെണ്ണത്തിൽ രണ്ടെണ്ണമാണ് പതിച്ചതെന്നറിയുന്നു. ബാക്കിയെല്ലാം പ്രതിരോധിച്ചു. ആ ഭാഗത്തെ മലയാളികളെ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിരോധിച്ച മിസൈലുകളുടെ അവശിഷ്ടങ്ങൾ റോഡിൽ കാണാം. ഇപ്പോൾ ആരും പുറത്തിറങ്ങുന്നില്ല. ഖത്തറും ഇറാനുമൊക്കെ അടുത്തുള്ള രാജ്യങ്ങളാണ്. സൗദി ബോർഡറും. ആശങ്കയ്ക്ക് വകയില്ലെന്നാണ് കരുതുന്നത്. ബഹറൈനിൽ മൂന്നു ലക്ഷത്തോളം മലയാളികളുണ്ട്.
ജാഗ്രതാ നിർദ്ദേശമിറക്കി
വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യത്തിൽ ഇസ്രയേലിലും ഇറാനിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണം. പ്രധാനമല്ലാത്ത യാത്രകൾ ഒഴിവാക്കണം. ഇന്ത്യൻ എംബസിയുടെ സഹായം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ അവരെ ബന്ധപ്പെടണം. പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിക്കണം. എമർജൻസി അലെർട്ടുകൾ, ഔദ്യോഗിക അറിയിപ്പുകൾ, പ്രാദേശിക വാർത്തകൾ എന്നിവ ശ്രദ്ധിക്കണം. ഹെൽപ് ലൈൻ നമ്പറുകളും പുറത്തിറക്കി.
1.ഇന്ത്യൻ എംബസി, ടെൽ അവീവ്- +972-54-7520711
ഇ-മെയിൽ: cons1.telaviv@mea.gov.in
2.ഇന്ത്യൻ എംബസി, ടെഹ്റാൻ- +989128109115,
+989128109109,
+989128109102,
+989932179359
3. ഇന്ത്യൻ എംബസി, ഖത്തർ- 00974-55647502
ഇ-മെയിൽ: cons.doha@mea.gov.in
4. യു.എ.ഇ- 800-46342
വാട്സാപ്പ്: +971543090571
ഇ-മെയിൽ: pbsk.dubai@mea.gov.in
5. ബഹ്റൈൻ: 00973-39418071
6. റിയാദ്- 00-966-11-4884697
വാട്സാപ്പ്- 00-966-542126748
ടോൾഫ്രീ - 800 247 1234
ഇ-മെയിൽ: cw.riyadh@mea.gov.in
നോർക്ക ഹെൽപ്പ്ഡെസ്ക്ക്
തിരുവനന്തപുരം: മലയാളികൾക്കായി നോർക്ക റൂട്ട്സ് ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ്ഡെസ്ക്ക് നമ്പറുകളായ +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) എന്നിവയിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇന്ത്യക്കാർ
(അനൗദ്യോഗിക കണക്ക്, ലക്ഷത്തിൽ)
യു.എ.ഇ..................................40
സൗദി അറേബ്യ......................27
കുവൈത്ത്.............................10
ഖത്തർ......................................9
ഒമാൻ.......................................6
ബഹ്റൈൻ............................3.5
കേരള ഹൗസിൽ
കൺട്രോൾ റൂം
011-23747079
011-23742320
+91-9310443880
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |