
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിൽ 'മഹാ ജംഗിൾ രാജ് " പ്രയോഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ജനം നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന, മാഫിയകൾ ഭരിക്കുന്ന 15 വർഷത്തെ 'മഹാ ജംഗിൾ രാജ് " അവസാനിപ്പിക്കുമെന്ന് മോദി പറഞ്ഞു. സിംഗൂരിൽ 830 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കം കുറിച്ചു.
ബീഹാറിൽ ജംഗിൾ രാജ് വീണ്ടും വരുന്നത് ബി.ജെ.പി തടഞ്ഞു. ബംഗാൾ തൃണമൂൽ കോൺഗ്രസിന്റെ മഹാ-ജംഗിൾ രാജിനോട് വിടപറയാൻ തയ്യാറാവുകയാണ്. തൃണമൂലിനെയും മുഖ്യമന്ത്രി മമതാ ബാനർജിയെയും മോദി കടന്നാക്രമിച്ചു.
നുഴഞ്ഞുകയറ്റക്കാർക്ക് എല്ലാ സൗകര്യങ്ങളും നൽകുന്ന തൃണമൂൽ സർക്കാർ ബംഗാളിന്റെയും രാജ്യത്തിന്റെയും സുരക്ഷ വച്ചാണ് കളിക്കുന്നത്. ഇവിടുത്തെ യുവാക്കൾ, അതീവ ജാഗ്രത പാലിക്കണം. ബംഗാൾ അതിർത്തിയിൽ വേലി കെട്ടാൻ 11 വർഷമായി കേന്ദ്രം ആവശ്യപ്പെട്ടിട്ടും തൃണമൂൽ സർക്കാർ സഹകരിക്കുന്നില്ല. നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ രേഖ ചമച്ചുനൽകുന്ന സംഘങ്ങൾക്ക് തൃണമൂൽ സംരക്ഷണം നൽകുന്നു. കലാപകാരികളെയും മാഫിയകളെയും കയറൂരിവിട്ടിരിക്കുന്നു. എല്ലാത്തിനും സിൻഡിക്കേറ്റ് നികുതി ചുമത്തുന്നു. ഇതവസാനിപ്പിക്കുമെന്ന് മോദി ഉറപ്പ് നൽകി. ബംഗാളിന്റെ ഓരോ ജില്ലയുടെയും ശക്തി ബി.ജെ.പി കൂടുതൽ വർദ്ധിപ്പിക്കും. വ്യവസായങ്ങൾ സ്ഥാപിക്കപ്പെടും, ക്രമസമാധാനം മെച്ചപ്പെട്ടാലേ നിക്ഷേപങ്ങൾ വരൂ. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തുന്നത് തൃണമൂൽ സർക്കാർ തടയുന്നു. രാജ്യത്തുടനീളമുള്ള മത്സ്യത്തൊഴിലാളികളെ രജിസ്റ്റർ ചെയ്യാൻ കേന്ദ്രം ആവിഷ്‌കരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം സംസ്ഥാന സർക്കാർ തടഞ്ഞു. കൊൽക്കത്തയെ ന്യൂഡൽഹി, വാരാണസി, ചെന്നൈ എന്നിവയുമായി ബന്ധിപ്പിക്കുന്ന മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ്, ബാലഗഡ് ഉൾനാടൻ ജലഗതാഗത ടെർമിനലിനായി കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച അത്യാധുനിക ഇലക്ട്രിക് കാറ്റമരന്റെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു.
പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, ശാന്തനു താക്കുർ, സുകാന്ത മജുംദാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |