SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാർ: യു.എസിനുള്ള അടി

Increase Font Size Decrease Font Size Print Page
r

ന്യൂഡൽഹി: യു.എസും പ്രസിഡന്റ് ​ഡൊണാൾഡ് ട്രംപും ഉടക്കിനിൽക്കുന്നതിനിടെയാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാ‌ർ യാഥാർത്ഥ്യമായെന്നത് ശ്രദ്ധേയം. ആഗോള ജി.ഡി.പിയുടെ 25 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ലോകത്തെ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയും രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാർ യു.എസിനുള്ള നയതന്ത്രതലത്തിലെ സന്ദേശം കൂടിയാണ്. യു.എസിന്റെ ഇരട്ടതീരുവയ്ക്കും ഇന്ത്യ-യു.എസ് കരാർ അനിശ്ചിതമായി നീളുന്നതിനുമിടെയാണ് കരാർ. ഇത് പ്രത്യക്ഷത്തിൽ തന്നെ യു.എസിനും ട്രംപിനുമുള്ള അടിയാണ്. കരാറിനുപിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യ- യുക്രെയിൻ യുദ്ധത്തെ സഹായിക്കുകയാണെന്ന യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റിന്റെ പ്രതികരണം തന്നെ അവർ അസ്വസ്ഥരാണെന്ന് വ്യക്തമാക്കുന്നു.

യൂറോപ്പ് അഭിവൃദ്ധിയേകും


ടെക്‌സ്റ്റയിൽസ്,​ലെതർ,​ഫുട്ട്‌വെയർ,​തേയില,​കാപ്പി,​സുഗന്ധവ്യഞ്ജനങ്ങൾ,​സ്‌പോർട്സ് ഉപകരണങ്ങൾ,​കളിപ്പാട്ടം,​രത്നങ്ങൾ,സ്വ‌ർണാഭരണങ്ങൾ,ചില സമുദ്ര ഉത്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ യൂറോപ്യൻ യൂണിയൻ ഒഴിവാക്കും. ഇന്ത്യ കയറ്റുമതി ചെയ്യുന്ന 90.7 ശതമാനവും ഈ ഉത്പന്നങ്ങളാണ്.

 സുരക്ഷാ- പ്രതിരോധ സഹകരണ കരാർ

ഇന്ത്യയും യൂറോപ്യൻ യൂണിയനും സുപ്രധാന സുരക്ഷാ- പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു. യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് കാജാ കല്ലാസും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. സമുദ്ര സുരക്ഷ, പ്രതിരോധ വ്യവസായം, സാങ്കേതികവിദ്യ, സൈബർ, ഹൈബ്രിഡ് ഭീഷണികൾ, ബഹിരാകാശം, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ മേഖലകളിലെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതാണ് കരാറെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രതിരോധ മേഖലയിൽ സുപ്രധാന ചുവടുവയ്പ്പെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. റിസ‌ർവ് ബാങ്കും,​ യൂറോപ്യൻ സെക്യൂരിറ്റീസ് ആൻഡ് മാർക്കറ്റ് അതോറിട്ടിയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഗ്രീൻ ഹൈഡ്രജൻ ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണത്തിനും ഉച്ചകോടിയിൽ ധാരണയായി.

ഡബിൾ എൻജിൻ വളർച്ചയിലേക്ക്

സ്വതന്ത്ര വ്യാപാരക്കരാ‌ർ ഡബിൾ എൻജിൻ വളർച്ചയിലേക്കുള്ള കുതിപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ ദിനം ചരിത്രത്തിൽ എന്നെന്നും സ്‌മരിക്കപ്പെടും. ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് പോകുന്നതിന്റെ കരുത്തുറ്റ അടിസ്ഥാനമാണ് കരാർ.

തുടക്കം മാത്രം

കരാർ തുടക്കം മാത്രമാണെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ പ്രതികരിച്ചു. ചരിത്രമാണ് സൃഷ്‌ടിക്കപ്പെട്ടത്. 2 ബില്യൺ ജനങ്ങൾക്ക് സ്വതന്ത്ര വ്യാപാരം മുഖേന ഗുണമുണ്ടാകും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും കൂട്ടിച്ചേർത്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY