SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

പാതിവഴിയിൽ മടങ്ങിയ ദാദ

Increase Font Size Decrease Font Size Print Page
h

 മുഖ്യമന്ത്രി സ്വപ്നം നടന്നില്ല

 കുടുംബത്തിലെ രാഷ്ട്രീയ ഭിന്നത അകലുന്നതിനിടെ മരണം

നാല് ദശകം നീണ്ട രാഷ്‌ട്രീയ ജീവിതത്തിൽ ആറു തവണ തുടർച്ചയായി ഉപമുഖ്യമന്ത്രി പദം വഹിച്ച മറ്റൊരു നേതാവില്ല ഇന്ത്യയിൽ. മുഖ്യമന്ത്രി പദത്തിലേക്കുള്ള സ്ഥാനക്കയറ്റം ബാക്കിയാക്കിയാണ് രാഷ്‌ട്രീയ കരിയറിലെ കൊടുമുടിയിൽ നിൽക്കവെ അജിത് പവാറിന്റെ വിടവാങ്ങൽ.

മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് ചില പൊതുവേദികളിൽ അജിത്ത് പവാർ തുറന്നുപറഞ്ഞിരുന്നു. സമയവും അവസരവും ഒത്തുവന്നില്ലെന്നും വ്യക്തമാക്കി. 1999ൽ അജിത്തിനെ മുഖ്യമന്ത്രിയാക്കാൻ നിർദ്ദേശമുയർന്നപ്പോൾ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് സമ്മതിച്ചില്ല. 2009ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ എൻ.സി.പി നേടിയപ്പോൾ മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്ത്.പക്ഷേ അധികാര പങ്കിടൽ ഫോർമുല പ്രകാരം മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന് കൈമാറി. എൻ.സി.പി പ്രധാന വകുപ്പുകൾ കൊണ്ട് തൃപ്‌തിപ്പെട്ടപ്പോൾ വൻ അവസരമാണ് അദ്ദേഹത്തിന് നഷ്‌ടമായത്. അതിനാൽ പൃഥ്വിരാജ് ചൗഹാൻ, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ എന്നിവർക്കു കീഴിൽ ഉപമുഖ്യമന്ത്രി പദത്തിൽ ഒതുങ്ങേണ്ടി വന്നു.

ചിഹ്നം സ്വന്തമാക്കി

പിതാവ് ആനന്ദ് റാവു പവാറിന്റെ സഹോദരനും മഹാരാഷ്‌‌ട്ര രാഷ്‌ട്രീയത്തിലെ അതികായനുമായ ശരദ് പവാറിന്റെ തണലിലാണ് അജിത് ഉയർന്നത്. എന്നാൽ പാർട്ടിക്കുള്ളിലും സംസ്ഥാനത്തും തലയെടുപ്പുള്ള നേതാവായ അജിത്തിനെ അവഗണിച്ച് ശരദ് പവാർ മകൾ സുപ്രിയ സുലേയെ വളർത്താൻ ശ്രമിച്ചത് ഭിന്നിപ്പിന്റെ വിത്തിട്ടു. എന്തുവില കൊടുത്തും മഹാരാഷ്‌ട്രയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ബി.ജെ.പി അത് മുതലെടുത്തതാണ് 2023ലെ പിളർപ്പിലേക്ക് നയിച്ചതും. 2023ൽ ഭൂരിപക്ഷ എം.എൽ.എമാരുടെ ബലത്തിൽ പാർട്ടിയുടെ ഔദ്യോഗിക പക്ഷമെന്ന പദവിക്കൊപ്പം എൻ.സി.പി എന്ന പേരും ക്ളോക്ക് ചിഹ്നവും അജിത്ത് സ്വന്തമാക്കി. പാർട്ടി സ്ഥാപകൻ ശരദ് പവാറിന്റെ പക്ഷത്തിന് എൻ.സി.പി (ശരദ് ചന്ദ്രപവാർ) എന്ന് പേരുമാറ്റേണ്ടിയും വന്നു.

നാടകീയ തിരിച്ചുവരവ്

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നേടിയ തിരിച്ചടിയിൽ പതറിയില്ല. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാടകീയമായ തിരിച്ചുവരവാണ് അജിത്ത് നടത്തിയത്. അജിത്തിന്റെ എൻ.സി.പി 41 സീറ്റ് നേടിയപ്പോൾ ശരദ് പവാറിന്റെ പക്ഷം 10ൽ ഒതുങ്ങി. അങ്ങനെ ഫലം പിളർപ്പിന്റെ നേട്ടം തനിക്കെന്ന് തെളിയിച്ചു.

പക്ഷേ കുടുംബവേരുകളാൽ ബന്ധിക്കപ്പെട്ട എൻ.സി.പിയിൽ രാഷ്ട്രീയ ഭിന്നതകൾക്ക് ആയുസില്ലായിരുന്നു. ഇക്കഴിഞ്ഞ മഹാരാഷ്‌ട്ര കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പിംപ്രി-ചിഞ്ച്‌വാഡ് മേഖലയിൽ ഇരുപക്ഷവും സഖ്യമായി മത്സരിച്ചു. വിജയിക്കാനായില്ലെങ്കിലും അതൊരു തുടക്കമായിരുന്നു. എൻ.സി.പി ലയനം അധികം അകലെയല്ലെന്ന സൂചനകൾക്കിടെയാണ് അകാലത്തിലെ വേർപാട്. .

അണികളുടെ ദാദ

എൻ.സി.പിയുടെ ശക്തികേന്ദ്രമായ ബാരാമതിയിൽ തുടങ്ങിയ രാഷ്‌ട്രീയ അശ്വമേധത്തിൽ അജിത്തിന് ഒരിക്കലും പിഴച്ചില്ല. 'ദാദ' എന്നാണ് അണികളും സഹപ്രവർത്തകരും വിളിച്ചത്. എൻ.സി.പി വോട്ടുബാങ്കായ പശ്ചിമ മഹാരാഷ്‌ട്രയിലെ പഞ്ചസാര സൊസൈറ്റിയിലൂടെ 1982ൽ രാഷ്‌ട്രീയ പ്രവേശം. 1991 മുതൽ 16 വർഷം പൂനെ ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് ചെയർമാൻ. ആ വർഷം ബാരാമതി എം.പിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ശരദ് പവാറിനു വേണ്ടി ഒന്നര മാസം മാസത്തിന് ശേഷം രാജി. തുടർന്ന് 1991ലെ ഉപതിരഞ്ഞെടുപ്പിൽ ബാരാമതി നിയമസഭാ മണ്ഡലത്തിൽ ജയിച്ച അജിത്ത് പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.

ശരദ് പവാർ കേന്ദ്രത്തിലും അജിത്ത് പവാർ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ശരദ് പവാർ കഴിഞ്ഞാൽ എൻ.സി.പിയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന അജിത്താണ് പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലക്കാരൻ. അജിത്ത് പോയതോടെ ശരദ് പക്ഷം ദുർബലമാകാൻ ഇതും കാരണമായി. 1991ൽ മന്ത്രി. കാർഷികം, വൈദ്യുതി, ജലവിഭവം, എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 1999ലും 2004 ലും ജലസേചനവകുപ്പ് മന്ത്രി. 2013ൽ ആദ്യമായി ഉപമുഖ്യമന്ത്രിയായെങ്കിലും

ജലസേചന പദ്ധതികളിലെ ക്രമക്കേടുകളുടെ രാജിവച്ചു. പിന്നീട് മകൻ പാർത്ഥ് പവാർ ഉൾപ്പെട്ട ഭൂമി ഇടപാടിനെച്ചൊല്ലിയും വിമർശനങ്ങൾ നേരിട്ടു. അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നേടി ഇതേ സ്ഥാനത്തേക്ക് തിരിച്ചെത്തി.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY