
മാഡ്രിഡ് : പോയ വർഷത്തെ മികച്ച കായികതാരങ്ങൾക്കുള്ള ലോറസ് സ്പോർട്സ് അവാർഡിൽ ടെന്നീസിന് തിളക്കം. 2025ലെ മികച്ച പുരുഷ കായികതാരമായി സ്പാനിഷ് ടെന്നിസ് താരം കാർലോസ് അൽക്കാരസും വനിതാ കായികതാരമായി ബെലറൂസിന്റെ ടെന്നിസ് താരം അര്യാന സബലേങ്കയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം മാഡ്രിഡിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
2025ൽ ഫ്രഞ്ച് ഓപ്പൺ, യു.എസ് ഓപ്പൺ കിരീടങ്ങൾ നേടുകയും ലോക ഒന്നാം റാങ്കിലെത്തുകയും ചെയ്തതാണ് 22കാരനായ കാർലോസിനെ അവാർഡിന് അർഹനാക്കിയത്. യു.എസ് ഓപ്പൺ ചാമ്പ്യനാവുകയും വർഷം മുഴുവൻ ഒന്നാം റാങ്ക് നിലനിറുത്തുകയും ചെയ്തതാണ് സബലേങ്കയെ തുണച്ചത്. ഇരുവരും ആദ്യമായാണ് ഈ പുരസ്കാരം നേടുന്നത്. പോയവർഷത്തെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരത്തിന് ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് നോമിനേഷനുണ്ടായിരുന്നു. എന്നാൽ ആറ് ട്രോഫികൾ നേടിയ ഫ്രഞ്ച് ഫുട്ബാൾ ക്ളബ് പാരീസ് സെന്റ് ജെർമ്മെയ്നാണ് ഈ പുരസ്കാരം ലഭിച്ചത്. സ്പാനിഷ് ഫുട്ബാളർ ലാമിൻ യമാൽ മികച്ച യുവകായിക താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.
മറ്റ് പ്രധാന പുരസ്കാരങ്ങൾ
ലൈഫ് ടൈം അച്ചീവ്മെന്റ് : നാദിയ കൊമനേച്ചി
സ്പോർടിംഗ് ഇൻസ്പിറേഷൻ : ടോണി ക്രൂസ്
കംബാക്ക് ഒഫ് ദ ഇയർ : റോറി മക്കിൾറോയ്
ബ്രേക്ക് ത്രൂ ഒഫ് ദ ഇയർ : ലാൻഡോ നോറിസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |