SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

നരവനെയുടെ ഓർമ്മക്കുറിപ്പ് ലോക്സഭയിൽ വായിച്ച് രാഹുൽ, പ്രതിരോധിച്ച് ഭരണപക്ഷം, ബഹളം

Increase Font Size Decrease Font Size Print Page
k

ന്യൂഡൽഹി: ഇന്ത്യ-ചൈനാ സംഘർഷം വിഷയമാക്കിയ മുൻ കരസേനാ മേധാവി ജനറൽ എം.എം.നരവനെയുടെ പുറത്തിറങ്ങാത്ത ഒാർമ്മക്കുറിപ്പിലെ പരാമർശങ്ങൾ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ വായിച്ചത് ബഹളത്തിനിടയാക്കി. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച തടസപ്പെട്ടു. രണ്ടുതവണ സഭ നിറുത്തിവച്ച് വീണ്ടും തുടങ്ങിയപ്പോഴും ബഹളം തുടർന്നതോടെ സഭ ഇന്നലത്തേക്ക് പിരിഞ്ഞു.

ബി.ജെ.പി എം.പി തേജസ്വി സൂര്യ മുൻ യു.പി.എ സർക്കാരിനെ വിമർശിച്ചതിന് മറുപടിയായാണ് രാഹുൽ നരവനെയുടെ പുസ്‌തകം ചർച്ചയാക്കിയത്. കോൺഗ്രസിന്റെ രാജ്യസ്നേഹത്തെ വിമർശിച്ചതിനാൽ ചില വസ്‌തുതകൾ പറയാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഇംഗ്ളീഷ് മാഗസിനിൽ വന്ന ഇതുസംബന്ധിച്ച ലേഖനത്തിന്റെ പകർപ്പുയർത്തി പറഞ്ഞു. പുസ്തകത്തിൽ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരെക്കുറിച്ചും പരാമർശമുണ്ടെന്നും ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി ആസമയം സഭയിലുണ്ടായിരുന്നു.

പ്രസിദ്ധീകരിക്കാത്ത പുസ്‌തകം സഭയിൽ ചർച്ച ചെയ്യാനാകില്ലെന്ന രാജ്നാഥ് സിംഗിന്റെ വാദം സ്‌പീക്കർ ഒാംബിർള ശരിവച്ചു. പുസ്തകത്തെക്കുറിച്ച് മാഗസിനിൽവന്ന ലേഖനമാണ് ആധാരമെന്ന് രാഹുൽ വിശദീകരിച്ചു. ലേഖനങ്ങളുടെ ആധികാരികത സഭയിൽ തെളിയിക്കാനാകില്ലെന്ന് സ്‌പീക്കർ പറഞ്ഞു.

രാഹുൽ സഭാമര്യാദകൾ ലംഘിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. പ്രസംഗം തുടരാൻ രാഹുൽ പലതവണ ശ്രമിച്ചെങ്കിലും ഭരണപക്ഷം അനുവദിച്ചില്ല. ഭരണ-പ്രതിപക്ഷ വാക്പോര് തുടരവേ സ്‌പീക്കർ സഭ നിറുത്തിവച്ചു. മൂന്നുമണിക്ക് വീണ്ടും ചേർന്നപ്പോഴും രാഹുൽ വിഷയത്തിൽ ഉറച്ചുനിന്നു. തുടർന്ന് നാലു മണിവരെ സഭ നിറുത്തിവച്ചു. വീണ്ടും തുടങ്ങിയപ്പോഴും സമാനരംഗങ്ങൾ ആവർത്തിച്ചതോടെ സഭ ഇന്നലത്തേക്ക് പിരിഞ്ഞു.

മോദിയും രാജ്‌നാഥ് സിംഗും ഭയപ്പെടുന്ന ചിലതുണ്ടെന്നും പാർലമെന്റിൽ പറയുമെന്നും രാഹുൽ പറഞ്ഞു. ഇന്നും ബഹളം തുടർന്നാൽ രാഹുലിനെതിരെ പ്രമേയം കൊണ്ടുവരാൻ ഭരണപക്ഷം ആലോചിക്കുന്നുണ്ട്. നന്ദിപ്രമേയത്തിന്മേൽ പ്രധാനമന്ത്രിയുടെ മറുപടി നാളെയാണ്.

ചർച്ചയാക്കിയത്

വിവാദ പുസ്‌തകം

നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിൽ 2020 ഓഗസ്റ്റ് 31ന് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലാണ് വിഷയം. ചൈനീസ് സൈനികർ കൈലാഷ് റേഞ്ചിൽ തൊട്ടടുത്ത് എത്തിയത് റിപ്പോർട്ട് ചെയ്‌തെങ്കിലും കേന്ദ്ര സർക്കാരിന്റെ ഉന്നതർ പ്രതികരിച്ചില്ലെന്ന് പുസ്തകത്തിൽ വിമർശനം. ഇതുവരെ പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നൽകിയിട്ടില്ലെന്ന് സൂചന. പുസ്തകത്തിന്റെ വിശദാംശങ്ങൾ കാരവാൻ മാഗസിനിൽ വന്നിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY