
ദിസ്‌പൂർ: അസാം കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ പി.സി.സി അദ്ധ്യക്ഷൻ ഭൂപേൻ ബോറ ഫെബ്രുവരി 22ന് ബി.ജെ.പിയിൽ ചേരുമെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിലും ലഖിംപൂരിലും നടക്കുന്ന ചടങ്ങുകളിൽ ഭൂപേനൊപ്പം മറ്റു ചില കോൺഗ്രസ് നേതാക്കളുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് ഭൂപേന്റെ വസതിയിലെത്തി നടത്തിയ ചർച്ചയ്‌ക്കു ശേഷമാണ് ഹിമന്ത ബിശ്വ ശർമ്മ ഇക്കാര്യം അറിയിച്ചത്. ഭൂപേന്റെ ഭാര്യയും മകളും ആരതി ഉഴിഞ്ഞാണ് ഹിമന്തയെ സ്വീകരിച്ചത്. കോൺഗ്രസിലെ അവസാനത്തെ അംഗീകൃത ഹിന്ദു നേതാവായ ഭൂപേനെ ചേർക്കാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ അംഗീകാരം നൽകിയെന്ന് ഹിമന്ത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂപേന് സീറ്റും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്
അഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് രാജിവച്ച ഭൂപേനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയും പി.സി.സി അദ്ധ്യക്ഷൻ ഗൗരവ് ഗോഗോയിയും നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. അതിനിടെ പാർട്ടിയെ വെട്ടിലാക്കി ഒരു കോൺഗ്രസ് എം.എൽ.എ കൂടി ഇന്നലെ പാർട്ടി വിട്ടു. മൂന്ന് തവണ വെസ്റ്റ് ഗോൾപാര മണ്ഡലത്തിൽനിന്ന് എം.എൽ.എയായ അബ്ദുൾ റാഷിദ് മണ്ഡലാണ് പാർട്ടി വിട്ട് പ്രാദേശിക പാർട്ടിയായ റായ്‌ജോർ ദളിൽ ചേർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |